കൊച്ചി: രക്തബന്ധമില്ലാത്തവര്‍ക്കും നിബന്ധനകള്‍ പാലിച്ചാല്‍ അവയവം ദാനം ചെയ്യുന്നതില്‍ തടസമില്ലെന്നു ഹൈക്കോടതി. അവയവദാനത്തിനു സന്നദ്ധത അറിയിച്ചു നല്കിയ അപേക്ഷ ബന്ധപ്പെട്ട ഓഥറൈസേഷന് കമ്മിറ്റി തിരസ്കരിച്ചതു ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
ജില്ലാതല ഓഥറൈസേഷന് സമിതിക്കു രേഖകള്‍സഹിതം നല്‍കിയിട്ടും അവയവമാറ്റത്തിന് അനുമതി നിഷേധിച്ചെന്നാണു ഹര്‍ജിയിലെ ആരോപണം. അവയവം സ്വീകരിക്കേണ്ടവരുടെ അവസ്ഥ വളരെ ഗുരുതരമായിട്ടും അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
മുത്തച്ഛൻ, മുത്തശി, മാതാപിതാക്കള്‍, മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ മാത്രമേ അവയവദാനം പാടുള്ളൂവെന്നു നിയമത്തില്‍ വ്യവസ്ഥയുള്ളതിനാലാണു അപേക്ഷ നിരസിച്ചതെന്നായിരുന്നു സമിതിയുടെ വിശദീകരണം.
എന്നാല്‍ ഓഥറൈസേഷന് സമിതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയോടെ രോഗിയുമായി വൈകാരികമായ അടുപ്പമടക്കം ചില പ്രത്യേക ബന്ധങ്ങളുള്ളവര്‍ക്കും നിയമപ്രകാരം അവയവം ദാനം ചെയ്യാമെന്ന കോടതി ഉത്തരവുകളുണ്ടെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകന് ടി.പി. സാജിതിന്റെ വാദം കോടതി അംഗീകരിച്ചു. സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അവയവം നീക്കം ചെയ്യാനാകില്ലെന്നും വ്യവസ്ഥയുണ്ട്.
ഈ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ നിരസിച്ച ഓഥറൈസേഷന് സമിതി ഉത്തരവ് നിലനില്ക്കുന്നതല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ അപേക്ഷകള്‍ പുനഃപരിശോധിച്ച് പത്തു ദിവസത്തിനകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.