നെടുമ്പാശേരി: ഇന്ത്യയില്‍നിന്ന് ആളുകളെ വിദേശത്തേക്കു കടത്തി അവയവക്കച്ചവടം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായത്. ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ച് വിദേശത്തു കൊണ്ടുപോയി വൃക്കക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണു റിപ്പോര്‍ട്ട്.
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് ഇയാളെന്നാണു പോലീസ് പറയുന്നത്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്തു കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. അവയവം നല്കുന്നതു നിയമവിധേയമാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇടപാട്.
ഇരകളെ കുവൈറ്റില്‍ എത്തിച്ചശേഷം അവിടെനിന്ന് ഇറാനിലേക്കു കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയിലാണു ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവം കവര്‍ന്നശേഷം തുച്ഛമായ തുക നല്കി ഇരകളെ തിരികെ അയയ്ക്കും. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം ഇരകള്‍ അറിയാതെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്കു മറിച്ചുവില്ക്കുകയാണു പ്രതി ഉള്‍പ്പെട്ട സംഘം ചെയ്തിരുന്നത്.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞ കുറേ നാളുകളായി അവയവ കച്ചവടവുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതിയെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്. നെടുമ്പാശേരി പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. ഐപിസി 370, അവയവക്കടത്ത് നിരോധന നിയമം 19 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.