ആലുവ: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപന്-41) ആണ് അറസ്റ്റിലായത്. ഇയാളെ എറണാകുളം റൂറല്‍ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹൈദരാബാദില്നിന്നാണു പിടികൂടിയത്.
പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇറാനില്‍ അവയവ കൈമാറ്റവും സ്വീകരണവും നടക്കുന്ന റാക്കറ്റില്‍ രാം പ്രസാദിലൂടെ നിരവധി പേര് വൃക്ക കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളില്നിന്നുള്ളവരാണ് ഇരകള്‍.
ജമ്മു-കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സമ്പന്നരാണു സ്വീകര്ത്താക്കളെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നു കേസില്‍ നേരത്തേ അറസ്റ്റിലായ സാബിത് നാസര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചത്.
വൃക്ക കൊടുക്കാനെത്തി മുഖ്യകണ്ണിയായി
രാംപ്രസാദ് വൃക്ക ദാനംചെയ്യുന്നതിനായാണ് ഈ സംഘവുമായി ബന്ധപ്പെട്ടത്. എന്നാല്‍ ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ വൃക്ക എടുക്കുന്നതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഈ സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് മുഖ്യകണ്ണിയായി മാറി. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ സ്വീകര്‍ത്താക്കളുമായി ബന്ധപ്പെടുന്നത്.
രാംപ്രസാദ് ഹൈദരാബാദില്‍നിന്ന് ദാതാക്കാളെ കയറ്റിവിടും. സാബിത്താണ് ഇറാനില്‍ ആളുകളെ സ്വീകരിച്ച് കാര്യങ്ങള്‍ ചെയ്തശേഷം തിരിച്ചയയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏജന്റ് സാബിത്തും സംഘത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുന്ന സജിത് ശ്യാമും പോലീസ് കസ്റ്റഡിയിലാണ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി എ. പ്രസാദ്, എസ്പി ട്രെയ്നി അഞ്ജലി ഭാവന, ഇന്‍സ്പെക്ടര്‍ ടി.സി. മുരുകന്, എസ്ഐമാരായ എസ്.എസ്. ശ്രീലാല്‍, ജെ.എസ്. ശ്രീജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്.
നിര്‍ണായക വിവരം നല്‍കിയത് എമിഗ്രേഷന്‍ വിഭാഗം
ഹൈദരാബാദ് എമിഗ്രേഷന്‍ വിഭാഗം നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് സാബിത്തിലേക്കും പിന്നീട് മുഖ്യപ്രതിയായ ബല്ലംകോണ്ട രാം പ്രസാദിലേക്കും പോലീസ് എത്തിയത്. കംബോഡിയ, ശ്രീലങ്ക, ഇറാന് എന്നീ രാജ്യങ്ങളിലേക്കാണ് ഈ റാക്കറ്റ് അവയവദാനത്തിനായി ഇന്ത്യക്കാരെ കയറ്റിവിടുന്നത്.
കംബോഡിയയിലേക്ക് പോകുന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് സാബിത്തിനെക്കുറിച്ച് എമിഗ്രേഷന്‍ വിഭാഗത്തിന് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. സാബിത്തിന്റെ മൊബൈല്‍ ഫോണിലെ വാട്സ്ആപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയെ വലയിലാക്കിയതെന്ന് എസ്പി ദീപികയോട് പറഞ്ഞു.
കേസ് മനുഷ്യക്കടത്ത്
അവയവദാന നിയമങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണെങ്കിലും കേസിനെ അതു ബാധിക്കില്ല. നിയമവിരുദ്ധമായ മനുഷ്യക്കടത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു കാര്യങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ആശുപത്രികള്‍ നിരീക്ഷണത്തില്‍
ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് അവയവമാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ കേരളത്തില്‍ ഇത്തരം സംഭവം ഉള്ളതായി തെളിഞ്ഞിട്ടില്ല. എന്നാല്‍ ചില ആശുപത്രികള്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വെളിപ്പെടുത്തി.