കൊച്ചി: നെടുമ്പാശേരി അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പോലീസ് പിടിയിലായ സജിത്ത് ശ്യാമിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. പാലാരിവട്ടം സ്വദേശിയായ ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
അവയവക്കടത്ത് സംഘവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാള്‍ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാബിത്ത് നാസറിന്റെ ഫോണ്‍ വിവരങ്ങളും, അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതില്‍നിന്നും സജിത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയുണ്ടായി.
കൊച്ചിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം കേസില്‍ ആദ്യം അറസ്റ്റിലായ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അവയവക്കടത്തിന്റെ മറവില്‍ ലൈംഗിക പീഡനമെന്ന പരാതി; അന്വേഷണം ആരംഭിച്ചു
വൃക്ക കച്ചവടം നടത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് വിളിപ്പിച്ച് ഏജന്റ് പീഡിപ്പിച്ചു. ഇടനിലക്കാരനെതിരേ യുവതി ഫേസ്ബുക്കിലിട്ട പരാതിയും നിര്‍ബന്ധപൂര്‍വം പിന്‍വലിപ്പിച്ചു എന്നെല്ലാം കാണിച്ചാണ് യുവതി പോലീസ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, വൃക്ക വിറ്റതു സംബന്ധിച്ച് ഇവരും കുമ്പളങ്ങി സ്വദേശിയായ ഇടനിലക്കാരനും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതി ആദ്യം സാമ്പത്തിക തര്‍ക്കം കാണിച്ചാണ് പരാതി നല്‍കിയതെന്നും പിന്നീട് പീഡനം എന്ന രീതിയില്‍ പരാതി നല്‍കിയെന്നുമാണ് പനങ്ങാട് പോലീസ് പറയുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവയവദാനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പോലീസ് യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി സ്വദേശിഇറാനിലുണ്ടെന്ന് സൂചന
നേരത്തെ അവയവക്കടത്തില്‍ ഉള്‍പ്പെട്ട കൊച്ചി സ്വദേശിയെക്കുറിച്ച് സാബിത്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇയാള്‍ ഇറാനിലുണ്ടെന്നാണ് സൂചന. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സജിത്തിനെ പിടികൂടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കൊണ്ടുപോകും. ഇവിടെ ആദ്യം ഫ്ളാറ്റില്‍ താമസിപ്പിക്കും. ശസ്ത്രക്രിയക്കുള്ള തീയതി തീരുമാനിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പിന്നീട് ഫ്ളാറ്റില്‍ 20 ദിവസം കൂടി താമസിപ്പിച്ച ശേഷമാണ് ഇരകളെ വിട്ടയക്കുക.
സംഭവം അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നേരത്തേ പത്തംഗസംഘത്തെ രൂപവത്കരിച്ചിരുന്നു. കേസില്‍ പിടിയിലായ പ്രതി സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലേക്ക് ഉള്‍പ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും അവയവദാനത്തിനായി ആളുകളെ കൊണ്ടുപോയതെന്നാണ് സൂചന. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തില്‍നിന്ന് ലഭിച്ച വിവരം.