മണ്ണില്‍ നിന്ന് വരുന്നു, മണ്ണിലേയ്ക്ക് പോകുന്നു. മനുഷ്യനായാലും മൃഗമായാലും സസ്യജാലങ്ങളായാലും ഇതു തന്നെയാണ് അവസ്ഥ. ആര്‍ക്കും ഒരുപകാരവുമില്ലാതെ മണ്ണിലേയ്ക്ക് മടങ്ങുന്ന മനുഷ്യന് ഈ ലോകത്തില്‍ നിന്ന് വിട പറഞ്ഞു പോകുന്നിന് മുമ്പ് തന്നെ ഇത്രനാള്‍ ഊട്ടി വളര്‍ത്തിയ പ്രകൃതിയ്ക്ക് ഒരു സമ്മാനം നല്‍കിയിട്ട് പോകാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
മരിച്ചതിനുശേഷം ശവപ്പെട്ടിയിലാക്കി അടക്കുന്നിനേക്കാള് അല്ലെങ്കില്‍ കത്തിച്ചു കളയുന്നതിനേക്കാള്‍ ഭൂമിയ്ക്ക് ഉപകാരപ്രദമായ ഒരു ആശയമാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
മരണശേഷം ശരീരം ഒരു മരമായി മാറുക , അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള ജനനം പോലെ തന്നെ തിരികെ ഒരു യാത്ര .അതും പ്രകൃതിയുടെ മടിത്തട്ടിലേക്ക് തന്നെ. കേള്‍ക്കുമ്പോള്‍ തന്നെ തികച്ചും വ്യത്യസ്തവും തീര്‍ത്തും അപരിചിതവുമായ ഒരാശയവുമായി വന്നിരിക്കുകയാണ് ഇറ്റലിക്കാരായ റാവല്‍ ബ്രെറ്റ്സെല്ലും ,അന്ന സിറ്റെലിയും.
ഭൂമിക്ക് ഒരു തണലാകുന്ന ഈ ആശയത്തിന്റെ പണിപ്പുരയിലാണ് ഇവര്‍. ഒരു ജൈവ കാപ്സ്യൂളിനുള്ളില്‍ (organic burial capsule) മരണശേഷം ശരീരം നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത്. അമ്മയുടെ വയറ്റില്‍ കുഞ്ഞ് എങ്ങനെ കിടക്കുന്നുവോ അത് പോലെ തന്നെയാകും മനുഷ്യശരീരവും ഈ കാപ്സ്യൂളിനുള്ളില്‍ നിക്ഷേപിക്കുക.
നൂറു ശതമാനവും മണ്ണില്‍ ലയിക്കുന്ന വസ്തുക്കളാകും ഇതിനായി ഉപയോഗിക്കുക .ശരീരം ഇതിനുള്ളിലാക്കിയ ശേഷം മണ്ണില്‍ സാധാരണ പോലെ തന്നെ മൃതദേഹം അടക്കം ചെയ്യും. ഇതിനു ശേഷം മരത്തിന്റെ വിത്ത് ഈ കൂടിനു മുകളിലായി നിക്ഷേപിക്കും .വിത്ത് മുളയ്ക്കുന്നതോടെ ക്രമേണ മരത്തിന്റെ വേരുകള്‍ മനുഷ്യശരീരത്തില്‍ നിന്നും അതിനാവശ്യമായ വളം പിടിച്ചെടുക്കുകയും കാലക്രമേണ മരം വളരുകയും ചെയ്യുന്നു .
മരണത്തിനു ശേഷം സ്വന്തം ശരീരം ഇത്തരത്തില്‍ അടക്കം ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഏതു തരം മരമാകണം തന്റെ ശരീരത്തിന് മേല്‍ വളരേണ്ടത് എന്ന് വരെ തീരുമാനിക്കാന്‍ അവസരം ഉണ്ട് .കൂടാതെ മരണശേഷം പല തലമുറകള്‍ക്കും ഇവിടം സന്ദര്‍ശിക്കാം.
കാഴ്ചകള്‍ മങ്ങിപ്പോയ സെമിത്തേരികള്‍ കാണുന്നതിലും എത്രയോ പ്രയോജനകരമാണ് പ്രകൃതിക്ക് കൂടി ഉപകാരപ്രദമായ ഈ ആശയം എന്നാണ് തങ്ങളുടെ കണ്ടുപിടുത്തത്തെ കുറിച്ചു റാവല്‍ ബ്രെറ്റ്സെല്ലും ,അന്ന സിറ്റെലിയും പറയുന്നത്. ലോകരാജ്യ.ങ്ങള് തങ്ങളുടെ ആശയത്തിന് അംഗീകാരം നല്‍കുന്നത് കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.