തൃശൂർ: വായിക്കാതെ ഇനി കഥ കേൾക്കാം. കഥകൾ എഴുത്തുകാരന്റെ ശബ്ദത്തിൽ യൂട്യൂബിലൂടെ കേൾക്കാവുന്ന ചാനൽ 45 കഥകളുമായി പ്രകാശിതമായി. സംവത്സരങ്ങളായി കഥപറയാൻ ഉപയോഗിച്ചിരിന്ന പ്രയോഗമായ “ഒരിടത്തൊരിടത്ത്’ എന്നതാണ് യു ട്യൂബ് ചാനലിന്റെ പേര്. എംടി യും സേതുവും എം. മുകുന്ദനും അഷ്ടമൂർത്തിയും അയ്മനം ജോണും മുതൽ നവപ്രതിഭകളായ സോക്രട്ടീസ്, ബി. മുരളി, സീഅനൂപ് വിനോദ് കൃഷ്ണ, വിനോയ് തോമസ്, ഷിനിലാൽ, മനോജ് വെള്ളനാട് എന്നിവരെല്ലാം കഥപറച്ചിലുകാരായി ഇവിടെയെത്തും.
തിരുവനന്തപുരം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ മൂന്നു വർഷമായി പ്രവർത്തിച്ചു വരുന്ന ട്വിസ്റ്റ് ഡിജിറ്റൽ മീഡിയയാണ് ഈ ഉദ്യമത്തിനു പിന്നിൽ. “ഒരിടത്തെരിടത്തി’ലൂടെ മലയാള സാഹിത്യ ചരിത്രത്തിന് ഒരു പുതിയ ശാഖ തുറക്കുകയാണെന്നു കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക് എംഡി സൂരജ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കാഴ്ചയില്ലാത്തവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കഥകൾ വായിച്ചുകേൾപ്പിക്കുന്നുണ്ടെന്ന അറിവാണ് ഈ സംരംഭത്തിന്റെ മുഖ്യസൂത്രധാരനായ ജി.എസ്. മനോജ്കുമാറിനു പ്രചോദനമായത്. കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ ചാനലിന്റെ സമർപ്പണം നിർവഹിച്ചു.
കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ചാനൽ ഡയറക്ടർ ജി എസ് മനോജ്കുമാർ, സാഹിത്യകാരൻ അജിത് നീലാഞ്ജനം എന്നിവർ സന്നിഹിതരായിരുന്നു.