ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎൻബി)തട്ടിപ്പിനു പിറകെ ഓറിയന്റൽ ബാങ്കിലും വായ്പ തട്ടിപ്പ്. ഡൽഹിയിൽ പ്രവർത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റർനാഷണൽ എന്ന ജ്വല്ലറിക്കെതിരെ 390 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കേസ്.
വജ്ര-ആഭരണ വ്യാപാരം നടത്തുന്ന സ്ഥാപനം ബാങ്കിന്റെ ഗ്രേറ്റർ കൈലാഷ്- ശാഖയിൽ നിന്ന് ജാമ്യപത്രം ഉപയോഗിച്ച് 2007 മുതൽ വായ്പ നേടിയിരുന്നു. എന്നാൽ വായ്പ തുക തിരിച്ചടയ്ക്കാതെ ഉടമകൾ മുങ്ങിയെന്നാണ് ബാങ്ക് നൽകിയ പരാതി. റീത്ത, സഭ്യ സേത് എന്നിവരാണ് കന്പനിയുടെ നടത്തിപ്പുകാർ. 10 മാസമായി ഇവരും കന്പനിയുടെ മറ്റ് ഡയറക്ടർമാരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ആറു മാസം മുന്പ് നൽകിയ പരാതിയിലാണ് സിബിഐ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. സാന്പത്തിക തട്ടിപ്പുകൾക്കെതിരേ സർക്കാർ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു പിന്നാലെയാണ് പുതിയ തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് വന്നത്