ഫ്രഞ്ച് ജനത പട്ടിണികിടന്നു നരകിച്ചപ്പോൾ ആർഭാടത്തിൽ മുഴുകിയ മരീ അന്റോയിനെറ്റ് രാജ്ഞിയുടെ ആഭരണങ്ങൾ വൻ വിലയ്ക്കു ലേലത്തിൽ പോയി. വജ്രവും മുത്തുംകൊണ്ട് അലങ്കരിച്ച പതക്കം, വജ്രകമ്മലുകൾ, വജ്ര ബ്രൂച്ച് എന്നിവയടക്കം പത്ത് ആഭരണങ്ങളാണ് വിറ്റത്.
എല്ലാത്തിനുംകൂടി 4.3 കോടി ഡോളർ ലഭിച്ചു. പതക്കത്തിന് 20 ലക്ഷം ഡോളർവരെയാണു പ്രതീക്ഷിച്ചതെങ്കിലും 3.6 കോടി കിട്ടി. ഇരുന്നൂറു വർഷങ്ങൾക്കുശേഷമാണ് ഈ ആഭരണങ്ങൾ പുറംലോകത്തിനു മുന്നിലെത്തുന്നത്.
ഫ്രഞ്ച് വിപ്ലവകാലത്ത് രാജാവായിരുന്ന ലൂയി പതിനാറാമന്റെ പത്നിയായിരുന്നു മരീ അന്റോയിനെറ്റ്. പാരീസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനു മുന്നോടിയായി രാജ്ഞി ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കൾ വിയന്നയിലുള്ള സഹോദരിക്ക് രഹസ്യമായി അയച്ചുകൊടുത്തു.
രാജ്ഞിയെയും രാജാവിനെയും വിപ്ലവകാരികൾ പിടികൂടി തലവെട്ടിക്കൊന്നു. ഇവരുടെ മകൾ മരീ തെരേസ പിന്നീട് വിയന്നയിലെത്തി ആഭരണങ്ങൾ കൈപ്പറ്റി.