ചെറിയ കുഞ്ഞായിരുന്നപ്പോൾ കാണാതായ ഷി ക്വിൻഷുവായിയെ വർഷങ്ങൾക്ക് ശേഷം തന്റെ മാതാപിതാക്കൾക്ക് തിരികെ ലഭിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. മകനെ നഷ്ടപ്പെട്ടു പോയ മാതാപിതാക്കൾ അവനുവേണ്ടി തിരയാത്ത സ്ഥലങ്ങളില്ലായിരുന്നു. എന്നിട്ടും ശ്രമം വിഫലമായി. കോടിക്കണക്കിനു രൂപയാണ് മകന്റെ തിരച്ചിലിനായി മാതാപിതാക്കൾ ചിലവാക്കിയത്.
തോറ്റുകൊടുക്കാൻ ആ അച്ഛനും അമ്മയും തയാറല്ലായിരുന്നു. എങ്ങനെയും മകനെ കണ്ടെത്തുമെന്ന വാശിയായിരുന്നു അവർക്ക്. അങ്ങനെ വർഷങ്ങൾക്ക് ശേഷം മകനെ അവർക്ക് തിരികെ ലഭിച്ചു. ഇപ്പോൾ അവന് 26 വയസാണ് പ്രായം. മാതാപിതാക്കളുടെ അടുത്ത് ഷി എത്തിയപ്പോൾ അവൻ ഞെട്ടിപ്പോയി. തന്റെ അച്ഛനും അമ്മയും കോടിക്കണക്കിനു സ്വത്ത് ഉള്ളവരാമെന്ന യാഥാർഥം അവനു ശരിക്കും ഷോക്കായിരുന്നു.
മകൻ തിരികെ എത്തിയപ്പോൾ കോടികൾ വിലയുള്ള ഫ്ലാറ്റും കാറുകളും വില്ലയും ആഭരണങ്ങളുമെല്ലാം മാതാപിതാക്കൾ സമ്മാനമായി നീട്ടി. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷിയുടെ പെരുമാറ്റം.
തനിക്ക് അവയൊന്നും ആവശ്യമില്ല. ഇത്രയും കാലം സാധാരണ ജീവിതമാണ് താൻ നയിച്ചത്. തന്റെ ലൈവ് സ്ട്രീമിംഗ് ചാനലിലൂടെയാണ് താൻ ജീവിക്കാനുള്ള പണം സമ്പാദിക്കുന്നത്. അതിനാൽ ഇത്രയും ആഡംബരമൊന്നും തനിക്ക് വേണ്ടന്ന് ഷി മാതാപിതാക്കളോട് പറഞ്ഞു. തന്റെ കാമുകിയുമൊത്ത് കഴിയാനുള്ള ഒരു കൊച്ചു വീട് മതി തനിക്കെന്ന് യുവാവ് അറിയിച്ചു. അവന്റെ ആവശ്യപ്രകാരമുള്ള വീട് മാതാപിതാക്കൾ കൊടുക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ഷിയുടെ കഥ വൈറലായതോടെ നിരവധിപ്പേരാണ് ഷിയുടെ ലാളിത്യത്തെ പുകഴ്ത്തി രംഗത്തെത്തിയത്. എന്നാൽ, ഇത് ലാളിത്യമല്ലന്നും സഹതാപവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള വെറും അടവ് മാത്രമാണെന്നും മറ്റ് ചിലർ ആരോപിച്ചു.