ന്യൂഡൽഹി: കടുത്ത ചൂടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുമ്പോൾ, നിർജ്ജലീകരണം തടയുന്നതിനായി ഉപയോഗിക്കുന്ന ഒആർഎസിന്റെ (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന്) വിൽപന കുതിച്ചുയരുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വിൽപനയിൽ 20 ശതമാനത്തിലധികം വർധവ് ഉണ്ടായതായി ഫാർമട്രാക്കിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. താപനില ഉയരുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് വയറിളക്കം. ഈ സാഹചര്യത്തിൽ ഒആർഎസ് ഉപയോഗിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.
ഫാർമട്രാക്ക് പങ്കിട്ട ട്രെൻഡ് ഡാറ്റ അനുസരിച്ച്, ഫെബ്രുവരി മുതൽ താപനില ഉയരുമ്പോൾ വിപണിയിൽ ഒആർഎസിന് ആവശ്യക്കാരേറെയാണ്. അതുപോലെ തന്നെ മൺസൂൺ സജ്ജമാകുന്ന ജൂൺ, ജൂലായ് മാസങ്ങളിൽ ജലജന്യ രോഗങ്ങളുണ്ടാകുന്നതിനാൽ ഈ സമയത്തും ആളുകൾ ഒആർഎസ് ഉപയോഗിക്കുന്നു.
ഈ വർഷം മെയ് മാസത്തിൽ വിപണിയിൽ 84 കോടി രൂപ വിലമതിക്കുന്ന 6.8 കോടി ഒആർഎസ് ലായനി വിറ്റതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 5.8 കോടി യൂണിറ്റുകൾ 69 കോടി രൂപയ്ക്കാണ് വിറ്റത്.
ഒആർഎസിന്റെ വാർഷിക വിറ്റുവരവ് കഴിഞ്ഞ നാല് വർഷത്തിനിടെ ഇരട്ടിയിലധികമായി വർധിച്ചു. 2020 മെയ് മാസത്തെ വാർഷിക വിറ്റുവരവ് 334 കോടി രൂപയായിരുന്നു, ഇത് 2024 മെയ് മാസത്തിൽ 716 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ മേയിൽ വിറ്റുവരവ് 583 കോടി രൂപയായിരുന്നു.