സ്വന്തം ലേഖകൻ
തൃശൂർ: ഒരു കോവിഡ് ഹോട്ട്സ്പോട്ടിൽ പ്രണയിക്കുന്നവരെത്തിയാലെന്തു പറ്റും…..കോവിഡ് കാലത്തെ പ്രണയം എങ്ങിനെയായിരിക്കും…തുടങ്ങിയ കൗതുകമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഒരു കുഞ്ഞു പ്രണയകഥ എന്ന ഹ്രസ്വചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്തു.
കോവിഡ് കാലത്തെ പ്രണയത്തിൽ നിന്ന് തുടങ്ങി ആ പ്രണയജോഡികൾ അവരറിയാതെ ഒരു കോവിഡ് ഹോട്സ്പോട്ടിൽ ചെന്നുപെടുന്നതും അവരെ പോലീസ് ചോദ്യം ചെയ്യുന്നതും അതിന്റെ അപ്രതീക്ഷിത ട്വിസ്റ്റും ക്ലൈമാക്സുമാണ് അതുല്യ മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കുഞ്ഞു പ്രണയകഥ എന്ന ചിത്രം പറയുന്നത്.
കോവിഡ് കാലത്തെ പോലീസിന്റെ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന സമയത്താണ് ഈ ചിത്രം അക്കാര്യം പ്രമേയത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
അഭിലാഷ് മേനോൻ നിർമിച്ചിരിക്കുന്ന ഒരു കുഞ്ഞു പ്രണയകഥയുടെ ക്യാമറ പ്രദീപും എഡിറ്റിംഗ് സുദേവ് ഗോപിയും പശ്ചാത്തല സംഗീതം സുനന്ദ് ശങ്കറുമാണ്. ആർച്ച രാജേഷ്, വൈശാഖ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.