കോട്ടയം: കാര്‍ഷികരംഗത്തെ വിസ്മയക്കാഴ്ചകളുമായുള്ള ചൈതന്യ കാര്‍ഷികമേളയില്‍ തിരക്കേറി. ഇന്നു രാവിലെ മുതല്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്ന ഇന്ന് 12.15 ന് ഇടയ്ക്കാട് മേഖലയുടെ കലാപരിപാടികളും തുടര്‍ന്ന് നാടന്‍പാട്ട് മത്സരവും നെയില്‍ ഹാമര്‍ റണ്‍ മത്സരവും നടത്തപ്പെടും.
2.30 നു നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷദിനാ പൊതുസമ്മേളനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് സിനിമാറ്റിക് ഡാന്‍സ്, വനിതകളുടെ വടംവലി, നാടകം എന്നിവയുമുണ്ട്.
കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍-ചൈനീസ്-അറബിക്-തലശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്മെന്റ് പാര്‍ക്ക്, ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, ആടുകളുടെ പ്രദര്‍ശനം, വലിപ്പമേറിയ പോത്തിന്റെ പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ എന്നിവയാണ് കാര്‍ഷികമേളയില്‍ ഒരുക്കിയിരിക്കുന്നത്.
കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ടുവലിച്ചുവെന്നും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയോടൊപ്പം മനുഷ്യന്റെ ആവാസമേഖലയിലേയ്ക്കു മൃഗങ്ങളുടെ കടന്നുകയറ്റവും ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു.