പൂച്ചാക്കല്‍: ഓരുവെള്ള ഭീഷണിമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കായലോരത്തെ ജനങ്ങള്‍. തൈക്കാട്ടുശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വീടുകളിലുള്ളവരാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്.
പുറത്തിറങ്ങാനാവാതെ
ശക്തിയായി തുടരുന്ന വേലിയേറ്റം മൂലം വീടുകളില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല. തീരപ്രദേശത്തെ കല്‍ക്കെട്ടുകള്‍ തകര്‍ന്നതും കായലില്‍ നിന്നും ഓരുവെള്ളം വീടുകളിലേക്കു കയറാന്‍ കാരണമാകുന്നുണ്ട്. പള്ളിപ്പുറം, പാണാവള്ളി, ചുടുകാട്ടുംപുറം, വല്യാറ തുടങ്ങിയ പ്രദേശത്തുള്ളവരാണ് കൂടുതലും കഷ്ടത അനുഭവിക്കുന്നത്.
തണ്ണിര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തിയിരിക്കുന്നതിനാല്‍ വേലിയേറ്റ സമയത്ത് അതികമായി കയറുന്ന വെള്ളം തിരിച്ചിറങ്ങാന്‍ സമയമെടുക്കുന്നുണ്ട്. ഇതുമൂലം വീടുകളില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
കായലോരത്ത് കല്‍ക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇടതോടുകളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചിട്ടില്ല. സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ കരയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും ശക്തമാണ്. ഓരുവെള്ളം കയറുന്നതിനാല്‍ വീടുകളുടെ അടിത്തറയും ചുവരുകളും ജീര്‍ണാവസ്ഥയിലായി.
കുടിവെള്ളമില്ല, കൃഷിയില്ല
ഓരുവെള്ളം കയറിയതിനാല്‍ ശുദ്ധജല സ്രോതസും മലിനമായി.
ഇവിടെയുള്ള കാര്‍ഷികവിളകള്‍ മുഴുവന്‍ നശിച്ചു. വീട്ടുപറമ്പില്‍ ഒരു പച്ചക്കറി പോലും കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ധാരാളം സ്ഥലം ഉപയോഗശൂന്യമായി കിടപ്പുണ്ട്.
പച്ചചക്കറി കൃഷികള്‍ക്ക് അനുയോജ്യവുമാണിവിടം. എന്നാല്‍ കായലില്‍ നിന്നും കയറുന്ന ഓരുവെള്ളം എല്ലാം നശിപ്പിക്കുന്നു. ഓരുവെള്ള ഭീഷണിയുളള പ്രദേശങ്ങളില്‍ ഇറിഗേഷന്‍ വകുപ്പിന്റെ
നേതൃത്വത്തില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഈ പ്രാവശ്യം അതും യഥാസമയം നടന്നിനിട്ടില്ല. ജനജീവിതം സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.