ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷി നേരിടുന്ന പ്രധാന വെല്ലുവിളിയായാണ് ഓരുവെള്ളത്തിന്റെ കടന്നുകയറ്റം. ഈ പ്രശ്നത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഗവേഷണഫലവുമായി ആലപ്പുഴ എസ് ഡി കോളജ് രംഗത്തെത്തി.
ഉപ്പിന്റെ സാന്നിധ്യത്തെ പ്രതിരോധിച്ചുവളരാന്കഴിയുന്ന നെല്ലിനമാണ് പൊക്കാളി. ഈ നെല്ലിനം വളരുന്ന പാടശേഖരത്തെ മണ്ണില്‍നിന്നു കണ്ടെത്തിയ ബാക്ടീരിയയെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് വിജയകരമായി കോളജ് പൂര്‍ത്തിയാക്കിയത്.
കോളജിലെ ബോട്ടണിവിഭാഗം ഗവേഷകയായ ടി.എസ്. രേഷ്മയും വകുപ്പ് മേധാവി സി. ദിലീപും ചേര്‍ന്നാണ് പരീക്ഷണം വിയകരമായി പൂര്‍ത്തീകരിച്ചത്.
ജേണല്‍ ഓഫ് അഗ്രോണമി ആന്‍ഡ് ക്രോപ് സയന്‍സ് എന്ന മാസികയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്യൂഡോമൊണാസ് തായ്വാനെന്സിസ് എന്ന ഈ ബാക്ടീരിയ ഉപയോഗിച്ചു നെല്‍ച്ചെടികളില്‍ ലവണത്തിനെതിരായ ആര്‍ജിതപ്രതിരോധശേഷി ലഭ്യമാക്കുന്നതാണ് പരീക്ഷണം.
കേരളത്തില്‍ പൊക്കാളി കൃഷി ചെയ്യുന്ന പാടത്തുനിന്ന് ഈ ഇനം ബാക്ടീരിയയെ കണ്ടെത്തുന്നതും ആദ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.