സിജോ പൈനാടത്ത്
കൊച്ചി: ലോകമെങ്ങും പടര്‍ന്ന കോവിഡ് 19ന്റെ ഭീതികളിലേക്ക്, രാജ്യങ്ങളും ഭാഷകളും ഭേദിച്ചു സംഗമിക്കുന്ന ആശ്വാസത്തിന്റെ പ്രാര്‍ഥനാ സംഗീതവുമായി പോളിഗ്ലോട്ട് ഗാന സമന്വയം. നാലു ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിലാണ് പോളിഗ്ലോട്ട് (പല ഭാഷകള്‍) ക്വയര്‍ ഗാനാഞ്ജലി ഒരുക്കിയത്.
യുഎസിലുള്ള മലയാളിയായ സിഎംഐ വൈദികന് ഫാ. ഷിജു (പ്രേം) ചൂരയ്ക്കലാണു പോളിഗ്ലോട്ട് ക്വയറിന്റെ ആശയത്തിനും സാക്ഷാത്കാരത്തിനും പിന്നില്‍.
ഭീതിയില്‍ കഴിയുന്ന ലോകത്തിനാശ്വാസം, ഏകുവാന്‍ നാഥാ നീ വരണേ… എന്നാരംഭിക്കുന്ന ഇദ്ദേഹത്തിന്റെ മലയാളത്തിലെ നാലു വരികളാണു മറ്റു ഭാഷകളിലേക്കു മൊഴിമാറ്റി അതതു രാജ്യങ്ങളിലുള്ളവര്‍ പാടിയിട്ടുള്ളത്.
വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത പാട്ടുവരികള്‍ അതതു രാജ്യങ്ങളിലുള്ളവര്‍ അവിടുത്തെ ഭാഷയില്‍ പാടി തിരിച്ചയയ്ക്കുകയായിരുന്നു. ഫാ. ടോം അജിത്തും ഫാ. ജോണി ചെങ്ങലാനും ചേര്‍ന്നു വാദ്യസംഗീത അകമ്പടിയോടെ ഈണമിട്ടപ്പോള്‍ പോളിഗ്ലോട്ട് ക്വയര്‍ പൂര്‍ണം.
മലയാളവും ആദിവാസി ഭാഷയായ ഉറാവും ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ പോളിഗ്ലോട്ടിലെ വരികള്‍ ആലപിക്കുന്നുണ്ട്. ഫാ. ലിജോ തോമസ് (ഹിന്ദി), ഫാ. ജോഷി വാഴപ്പള്ളി (മറാത്തി), ഫാ. ജോജോ (ബംഗാളി), ഫാ. ലിന്സണ് (തമിഴ്), ഫാ. ജോണ്‍ (കന്നട), ബ്രദര്‍ ശ്യാം കുര്യന് (തെലുഗു), ഫാ. തോമസ് പൊട്ടയ്ക്കല്‍, ഫാ. ലോറന്‍സ് പടമാടന് (ജര്‍മന്‍) ഫാ. ആന്റോ ചക്യത്ത് (ഇറ്റാലിയന്‍), ഫാ. ജോണി ചെങ്ങലാന്‍ (ഇംഗ്ലീഷ്) ഫാ. ജോസഫ് (ഗുജറാത്തി) എന്നീ സിഎംഐ വൈദികര്‍ പാട്ടുകൂട്ടത്തിലുണ്ട്.
ആഫ്രിക്കന്‍ ഭാഷകളെ പാട്ടിനായി സമന്വയിപ്പിച്ചതു ഫാ. ടൈജു തളിയത്താണ്. ടെക്സസിലെ പോര്‍ട്ട് നേചെസ് ഇടവകയിലെ യൂത്ത് ഡയറക്ടര്‍ ക്ലയര്‍ കള്വറുടെ ആമുഖത്തോടെയാണു യുട്യൂബില്‍ ആയിരങ്ങള്‍ കേട്ട ഗാനം ആരംഭിക്കുന്നത്. ഫാ. ജോഷി പഴുക്കാത്തറ, ഫാ. ഡേവിഡ് കാവുങ്ങൽ എന്നിവരുടെ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.