അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ജയത്തോടെ ജപ്പാൻ ശുഭാരംഭം കുറിച്ചു. ഗ്രൂപ്പ് എഫിലെ പോരാട്ടത്തിൽ ജപ്പാനെ വിറപ്പിച്ചശേഷം 2-3ന് തുർക്ക്മെനിസ്ഥാൻ കീഴടങ്ങി. ആദ്യ പകുതിയിൽ അമനോവിന്റെ (26-ാം മിനിറ്റ്) ഗോളിൽ തുർക്ക്മെനിസ്ഥാൻ മുന്നിലായിരുന്നു. യുയ ഒസാക്കോയുടെ ഇരട്ട ഗോളാണ് ജപ്പാനെ ജയത്തിലേക്ക് കൈപിടിച്ചത്.
അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച ഒസാക്കോ ജപ്പാനെ 2-1നു മുന്നിലെത്തിച്ചു. 56, 60 മിനിറ്റുകളിലായിരുന്നു ഒസാക്കോയുടെ ഗോളുകൾ. 71-ാം മിനിറ്റിൽ റിറ്റ്സു ഡോണ് ജപ്പാന്റെ ഗോൾ വ്യത്യാസം 3-1 ആക്കി. എന്നാൽ, 79-ാം മിനിറ്റിൽ ഗോളി സ്യൂചി ഗോണ്ഡയുടെ ഫൗളിനു പെനൽറ്റി വഴങ്ങേണ്ടിവന്ന ജപ്പാൻ ഒരു ഗോൾ തിരികെ വാങ്ങി. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ 2-1ന് ഒമാനെ കീഴടക്കി മൂന്ന് പോയിന്റ് സ്വന്തമാക്കി.
ഗ്രൂപ്പ് ഡിയിൽ ഇറാനു പിന്നാലെ ഇറാക്കും ജയം നേടി. രണ്ട് തവണ പിന്നിട്ടുനിന്നശേഷം ഇറാക്ക് 3-2ന് വയറ്റ്നാമിനെയാണ് കീഴടക്കിയത്. 24-ാം മിനിറ്റിൽ അലി ഫൈസ് അറ്റിയയുടെ സെൽഫ് ഗോളിൽ വിയറ്റ്നാം മുന്നിൽ കടന്നു. എന്നാൽ, മുഹനദ് അലി (35-ാം മിനിറ്റ്) ഇറാക്കിനെ ഒപ്പമെത്തിച്ചു. കോംഗ് പ്യൂങിലൂടെ (42-ാം മിനിറ്റ്) വിയറ്റ്നാം വീണ്ടും മുന്നിൽ കടന്നെങ്കിലും ഹുമാം തരീഖ് (60-ാം മിനിറ്റ്) വീണ്ടും ഒപ്പംപിടിച്ചു. 90-ാം മിനിറ്റിൽ അലി അഡ്നാൻ ഇറാക്കിനു ജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കി.
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഉത്തര കൊറിയയെ തകർത്തു. ഹറ്റൻ ബഹേബ്രി (28-ാം മിനിറ്റ്), മുഹമ്മദ് അൽ ഫത്തിൽ (37-ാം മിനിറ്റ്), സലീം അൽ ഡൗസാരി (70-ാം മിനിറ്റ്), ഫഹദ് അൽ മുവല്ലാദ് (87-ാം മിനിറ്റ്) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്.