ലൊസാഞ്ചലസ്: താരപ്രൗഢമായ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ലോകം കാത്തിരുന്ന 97-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഡ്രിയൻ ബ്രോഡിയാണ് മികച്ച നടൻ. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്കു കുടിയേറിയ ശിൽപ്പിയുടെ കഥ പറഞ്ഞ “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനാണ് ബ്രോഡിയെ പുരസ്കാരത്തിനർഹനാക്കിയത്. ബ്രോഡിയുടെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 2003ൽ “ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ബ്രോഡി ഓസ്കർ നേടിയിട്ടുണ്ട്.
“അനോറ’ എന്ന ചിത്രത്തിലെ, ലൈംഗിക തൊഴിലാളിയായ അനോറ എന്ന കഥാപാത്രത്തിന്റെ ജീവിതമുഹൂർത്തങ്ങളെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ മൈക്കി മാഡിസൺ ആണ് മികച്ച നടി. അതേസമയം ലൈവ് ആക്ഷന് ഷോര്ട് ഫിലിം വിഭാഗത്തില് ഇന്ത്യയില്നിന്ന് നാമനിര്ദേശം ചെയ്യപ്പെട്ട ഹിന്ദി ചിത്രം “അനുജ’യ്ക്ക് പുരസ്കാരനേട്ടമില്ല. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്.
മികച്ച ചിത്രം ഉൾപ്പെടെ അഞ്ചു പുരസ്കാരങ്ങളാണ് അനോറ കരസ്ഥമാക്കിയത്. അനോറയുടെ സംവിധാനം നിർവഹിച്ച ഷോൺ ബേക്കർ മികച്ച സംവിധായകനുള്ള അവാർഡ് നേടി. മികച്ച എഡിറ്റിംഗ്, ഒറിജിനൽ തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ഈ ചിത്രത്തിലൂടെ ബേക്കർ നേടി. ‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ. 42കാരനായ കീരൺ ‘ഹോം എലോൺ’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ‘എമിലിയ പെരസി’ലൂടെ സോയി സൽദാന മികച്ച സഹനടിയായി.
‘ഫ്ലോ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം. ലാത്വിയയില്നിന്ന് ഓസ്കര് നേടുന്ന ആദ്യത്തെ ചിത്രമാണ് ‘ഫ്ലോ’. വിക്കെഡ്’ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു.