കേപ്ടൗൺ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ പാരാലിമ്പിക്സ് താരം ഓസ്കർ പിസ്റ്റോറിയസ് പരോളിലിറങ്ങി. വെള്ളിയാഴ്ചയാണ് പിസ്റ്റോറിയത് ജയിൽ മോചിതനായത്.
പരോൾ കരാർപ്രകാരം കമ്മ്യൂണിറ്റി സേവനത്തിന്റെ ഭാഗമായി പ്രിട്ടോറിയയിലെ പള്ളിയിൽ സേവനമനുഷ്ഠിക്കാൻ പിസ്റ്റോറിയസ് ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന സാമൂഹ്യസേവനങ്ങളുടെ വിവരങ്ങൾ അറിയിച്ചെങ്കിലും പോലീസ് ഇതുവരെ ഇതിന് അനുമതി നൽകിയിട്ടില്ല.
ആശുപത്രി സേവനങ്ങൾ, പോലീസ് സ്റ്റേഷനിൽ സഹായി, ജയിലിലെ സേവനങ്ങൾ എന്നിവയെല്ലാം ദക്ഷിണാഫ്രിക്കയിൽ പരോൾ കാലത്ത് ചെയ്യാൻ കഴിയുന്ന സേവനങ്ങളാണ്. ഇതെല്ലാം ഒഴിവാക്കിയാണ് ബ്ലേഡ് റണ്ണർ ദേവാലയം വൃത്തിയാക്കലും പരിപാലനവും തെരഞ്ഞെടുത്തത്.
പോലീസ് അനുമതി നൽകിയാൽ ഓസ്കറിന് സാമൂഹിക സേവനത്തിനായി അധികദൂരം സഞ്ചരിക്കേണ്ടിവരില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിസ്റ്റോറിയസ് അമ്മാവനായ അർനോൾഡിനൊപ്പമാണ് കഴിയുന്നത്. അർനോൾഡിന്റെ വീടിന് വളരെ അടുത്താണ് പിസ്റ്റോറിയസ് സേവനത്തിന് ആഗ്രഹിക്കുന്ന പള്ളി.
ഞായറാഴ്ച രാവിലെ പള്ളിയിൽ വളരെ തിരക്കുള്ളതിനാൽ ഇവിടേക്ക് എത്തുന്ന കാറുകൾ പാർക്കിംഗ് ഏരിയയിലേക്ക് നയിക്കുക, പള്ളിയുടെ പരിസരങ്ങൾ വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് ഇവിടെ ചെയ്യേണ്ടത്. പരോൾ കരാറിന്റെ ഭാഗമായി നവമാധ്യമങ്ങളിൽ നിന്നും പിസ്റ്റോറിയസ് വിട്ടുനിൽക്കുകയാണ്.
വെള്ളിയാഴ്ചയാണ് പിസ്റ്റോറിയസ് ജയിൽ മോചിതനായത്. എന്നാൽ പൊതു ഇടങ്ങളിൽ നിന്നും മാധ്യമങ്ങളിലും നിന്നും അകലം പാലിച്ചാണ് അദ്ദേഹം നിൽക്കുന്നത്. താമസിക്കുന്ന അമ്മാവന്റെ വസതിക്ക് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ട്.
2013 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓസ്കാർ പിസ്റ്റോറിയസ് തന്റെ കാമുകിയായ റീവ സ്റ്റീൻകാമ്പിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കള്ളനാണെന്ന് കരുതിയാണ് റീവയെ വെടിവച്ചെന്ന് ഓസ്കാർ പിസ്റ്റോറിയസ് കോടതിയിൽ ഉന്നയിച്ച വാദം.എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ കോടതി പതിമൂന്ന് വർഷത്തെ തടവിന് വിധിക്കുകയായിരുന്നു.
ഭിന്നശേഷിക്കാർക്കുവേണ്ടി നടത്തുന്ന പാരാലിമ്പിക്സ് അത്ലറ്റിക്സ് വിഭാഗത്തിൽ സ്വർണമടക്കം നിരവധി നേട്ടങ്ങളാണ് ഓസ്കർ സ്വന്തമാക്കിയത്. പാരാലിമ്പിക്സിൽ രണ്ട്സ്വർണ മെഡലുകൾ നേടിയ ഓസ്കാർ ഒളിമ്പിക്സിൽ പങ്കെടുത്ത ഇരട്ട അംഗവൈകല്യമുള്ള ആദ്യ വ്യക്തിയുമാണ്.