പതിവു തെറ്റിച്ച് കറുത്ത വര്‍ഗക്കാര്‍ക്കു പ്രധാന്യം നല്കുന്നതായിരുന്നു ഇത്തവണത്തെ ഓസ്‌കര്‍ എന്നും വിശേഷിപ്പിക്കാം. മികച്ച സഹനടനുള്ള പുരസ്‌കാരം മൂണ്‍ ലൈറ്റിലെ അഭിനയത്തിലൂടെ മഹര്‍ഷല അലിക്ക് നല്കി ആരംഭിച്ച ചടങ്ങ് അവസാനിച്ചതും മൂണ്‍ ലൈറ്റിനെ മികച്ച ചിത്രമായി പ്രഖ്യാപിച്ചായിരുന്നു. അഭിനയത്തിന് ഒരു മുസ്‌ലിം നടനു ലഭിക്കുന്ന ആദ്യ ഓസ്കർ എന്ന ചരിത്ര നേട്ടവും അലി സ്വന്തമാക്കി. അതിനിടെ ലാ ലാ ലാന്‍ഡിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് ചെറിയ ആശയക്കുഴപ്പത്തിനും കാരണമായി.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ മൂണ്‍ ലൈറ്റിനു പിന്നിലായെങ്കിലും ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. മികച്ച സംവിധായകന്‍, നടി, ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം എന്നീ ഓസ്‌കറുകളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്. 14 നോമിനേഷനുകളായിരുന്നു ലാ ലാ ലാന്‍ഡിനുണ്ടായിരുന്നത്. എട്ട് നോമിനേഷനുമായി എത്തിയ മൂണ്‍ ലൈറ്റ് മൂന്ന് പുരസ്‌കാരം സ്വന്തമാക്കി. മികച്ച ചിത്രം, സഹനടന്‍, അവലംബക തിരക്കഥ എന്നീ ഓസ്‌കറുകളാണ് മൂണ്‍ ലൈറ്റിനു ലഭിച്ചത്.