ലണ്ടൻ: തമീം ഇക്ബാലിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. സെഞ്ചുറി അഞ്ചു റൺ അകലെ നഷ്ടപ്പെട്ട തമീം (95) നടത്തിയ പോരാട്ടം ബംഗ്ലാദേശിനെ നാണക്കേടിൽനിന്നും രക്ഷപെടുത്തി. ബംഗ്ലാദേശ് 44.3 ഓവറിൽ 182 റൺസിന് പുറത്തായി. ഓസീസിന് 183 റൺസ് വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കംമുതൽ കാര്യങ്ങളൊന്നും ശരിയായിവന്നിരുന്നില്ല. വിക്കറ്റ് പൂപോലെ ഓസീസ് പേസർമാർ കൊഴിക്കുമ്പോൾ ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന ഓപ്പണർ തമീം മാത്രമായിരുന്നു ബംഗ്ലാദേശിന്റെ ആ”ശ്വാസം’. തമീം 114 പന്തുകൾ നേരിട്ടപ്പോൾ ആറു തവണ പന്തിനെ ബൗണ്ടറി ലൈൻ കടത്തി. മൂന്നു സിക്സും തമീമിന്റെ ഇന്നിംഗ്സിന് അഴകായി. തമീമിനെ കൂടാതെ ഷാക്കിബ് അൽ ഹസനും (29) മെഹദി ഹസനും (14) മാത്രമാണ് ബംഗ്ലാ ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്.
8.3 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ബംഗ്ലാദേശിനെ തകർത്തത്. സ്റ്റാർക്കിന്റെ രണ്ട് ഓവറിൽ ബംഗ്ലാദേശിന് റണ്ണൊന്നും നേടാനും കഴഞ്ഞില്ല. ഓസീസ് പേസിന് പിടികൊടുക്കാതെ പോരാടിയ തമീം ഇക്ബാലിനെ 43 ഓവറിൽ മറിച്ച സ്റ്റാർക്ക് പിന്നീട് വാലറ്റത്തെ ഒന്നൊന്നായി അരിഞ്ഞുതള്ളി. ഒരു റൺ എടുക്കുന്നതിനിടെയാണ് ബംഗ്ലാദേശിന് അവസാന നാലു വിക്കറ്റുകൾ നഷ്ടമായത്.
നാലോവർ എറിഞ്ഞ ആദം സാമ്പ രണ്ടു വിക്കറ്റ് വീഴ്ത്തി. ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, ഹെൻട്രിക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഓസീസ് ബോളിംഗ് സ്ക്വാഡിൽ ഒരോവർ മാത്രമെറിഞ്ഞ മാക്സ്വെല്ലിനു മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്.