വൈപ്പിൻ: മുനന്പത്തുനിന്നും മത്സ്യബന്ധനത്തിനുപോയ ഓഷ്യാനിക് എന്ന മത്സ്യബന്ധനബോട്ട് ചാവക്കാട് പടിഞ്ഞാറ് കടലിൽ കപ്പലിടിച്ച് ഉണ്ടായ ദുരന്തത്തിനു നാളേക്ക് ഒരു വർഷം തികയുന്നു. 2018 ഓഗസ്റ്റ് ഏഴിനു പുലർച്ചെ മൂന്നോടെയായിരുന്നു അപകടം നടന്നത്. 14 തൊഴിലാളികളിൽ അഞ്ച് പേർ മരിക്കുകയും ഏഴുപേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിൽ രക്ഷപ്പെട്ടത് രണ്ട് പേർ മാത്രമാണ്.
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ദേശശക്തി എന്ന കപ്പൽ ബോട്ട് ഇടിച്ച് തകർത്ത ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് മുങ്ങിപ്പോയി. അഞ്ചുപേരുടെ മൃതദേഹങ്ങൾ പിന്നീട് തെരച്ചിലിൽ കണ്ടെത്തി. ഏഴുപേർ ഇനിയും കണ്ടെത്തിയിട്ടില്ല.
മരിച്ചവരിൽ മാല്യങ്കര സ്വദേശി ഷിബു മാത്രമായിരുന്നു ഏക മലയാളി. ഇയാൾ മത്സ്യതൊഴിലാളി ക്ഷേമനിധി അംഗമായിരുന്നതിനാൽ കുടുംബത്തിനു സർക്കാർ സഹായം നൽകി. അതേ സമയം ബാക്കിയുള്ളവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളായതിനാൽ ഇവർക്ക് സംസ്ഥാന സർക്കാർ സഹായങ്ങൾ നിഷേധിച്ചു.
നിരാലംബരായ അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിനു ആകെ ലഭിച്ച സഹായം ബോട്ടിന്റെ ഉടമയായ സാന്പനും മുനന്പം മത്സ്യമേഖലയും സമാഹരിച്ച ചെറിയൊരു തുകയാണ്. ആശ്രമയമറ്റ് കഴിയുന്ന ഈ കുടുംബങ്ങളുടെ അവസ്ഥ ഇപ്പോൾ പരിതാപകരമാണ്.
അർഹമായ നഷ്ടപരിഹാരം മരിച്ചവരുടെ ബന്ധുക്കൾക്കും ബോട്ടുടമക്കും ഇത് വരെ ലഭിച്ചിട്ടില്ല. ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങൾ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമയുദ്ധത്തിലാണ്. നിയമം കനിഞ്ഞാലെ ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിനു തുണയാകൂ.