മൊഹാലി: ജയിച്ചെന്നുറപ്പിച്ച കളി ഇന്ത്യയുടെ ആത്മാർഥ സഹായത്തോടെ ഓസീസ് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 360 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെ മറികടന്ന് ഓസ്ട്രേലിയ വിജയം പിടിച്ചെടുത്തു. നാല് വിക്കറ്റിനായിരുന്നു ഓസീസ് വിജയം.
സെഞ്ചുറി കുറിച്ച ഹാൻഡ്സ് കോംബും (117) സെഞ്ചുറിയുടെ വക്കിൽ പുറത്തായ ഉസ്മാൻ കവാജയും (91) വാലറ്റത്ത് പുറത്താകാതെ വെടിക്കെട്ടു നടത്തിയ ആഷ്ടൻ ടെർണറുമാണ് (84) ഓസീസിന്റെ വിജയ ശിൽപ്പികൾ. റൺ ചേസ് ചെയ്തുള്ള ഓസീസിന്റെ എക്കാലത്തെയും മികച്ച വിജയമാണിത്.
ഓസീസ് ബാറ്റ്സ്മാൻമാരുടെ പ്രകടനത്തേക്കാൾ ഇന്ത്യയുടെ മോശം ഫീൽഡിംഗാണ് ഓസീസിനെ തുണച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മൂന്നു തവണ സ്റ്റംമ്പിംഗിനുള്ള അവസരം തുലച്ചു. കൂറ്റൻ അടിയുമായി വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ടെർണറെ കേദാർ ജാദവും ശിഖർ ധവാനും കൈവിട്ടു. ഇതോടെ ഓസീസ് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ തുടക്കത്തിലെ രണ്ടു വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക്പ്രതിരോധത്തിലാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പരമ്പരയിൽ മികച്ച പ്രകടനം തുടരുന്ന കവാജയും ഹാൻഡ്സ് കോംബും ചേർന്നതോടെ ഓസീസ് മെല്ലെ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 192 റൺസാണ് കൂട്ടിച്ചേർത്തത്. ഈ കൂട്ടുകെട്ടിനെ കവാജയെ പുറത്താക്കി ബുംമ്ര പൊളിച്ചെങ്കിലും ഹാൻഡ്സ് കോംബ് ക്രീസിൽ നിലയുറപ്പിച്ചു.
പിന്നാലെയെത്തിയ മാക്സ്വെൽ (23) സ്കോർബോർഡിൽ കാര്യമായ സംഭാവ നൽകാതെ മടങ്ങിയതോടെ ഇന്ത്യ വിജയം മണത്തുതുടങ്ങിയിരുന്നു. എന്നാൽ പിടിച്ചതിനേക്കാൾ വലുത് അളയിലുണ്ടായിരുന്നു. ഹാൻഡ്സ്കോംബിനു കൂട്ടായി ടെർണർ എത്തിയതോടെ ഓസീസ് സ്കോർ റോക്കറ്റ് വേഗത്തിലായി.
ഇരുവരും 30 പന്തിൽ 42 റൺസാണ് അടിച്ചെടുത്തത്. ഹാൻഡ്സ്കോംബിനെ പുറത്താക്കി ചാഹൽ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകി. അപ്പോഴും ടെർണർ തോൽക്കാൻ തയാറല്ലായിരുന്നു. അലക്സ് കാരിയെ കൂട്ടുപിടിച്ച് ടെർണർ ഇന്ത്യൻ ബൗളർമാരെ തലങ്ങുംവിലങ്ങും അടിച്ചു. ഓസീസ് വിജയം ഉറപ്പിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. ആറാം വിക്കറ്റിൽ വെറും 39 പന്തിൽ ഇവർ അടിച്ചെടുത്തത് 86 റൺസായിരുന്നു. ഇതിൽ കാരിയുടെ സമ്പാദ്യം 21 റൺസ് മാത്രമായിരുന്നു.
നേരത്തെ ശിഖർ ധവാന്റെ (143) സെഞ്ചുറിയുടേയും രോഹിത് ശർമയുടെ (95) അർധസെഞ്ചുറിയുടേയും ബലത്തിലാണ് ഇന്ത്യ 360 റൺസ് വിജയലക്ഷ്യം കുറിച്ചത്. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ഓപ്പണിംഗ് സഖ്യം ഫോം വീണ്ടെടുത്തപ്പോൾ നിരാശപ്പെടുത്തിയ മധ്യനിര ഇന്ത്യക്ക് കൂറ്റൻ സ്കോർ നഷ്ടമാക്കി.
ധവാൻ-രോഹിത് സഖ്യം 193 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. സെഞ്ചുറിയുടെ വക്കിൽ വീണ രോഹിത് 92 പന്തിൽ രണ്ട് സിക്സറുകളുടേയും ഏഴ് ബൗണ്ടറിയും ഉൾപ്പെടെയാണ് 95 റൺസെടുത്തത്. രോഹിത് പുറത്തായ ശേഷം ധവാൻ കെ.എൽ രാഹുലിനെ (26) കൂട്ടുപിടിച്ച് കത്തിക്കയറി.
എന്നാൽ ധവാനും അധികം ആയുസുണ്ടായില്ല. പിന്നാലെവന്ന കോഹ്ലിക്ക് (7) കാര്യമായൊന്നും ചെയ്യാനായില്ല. ധോണിക്ക് പകരക്കാരനായെത്തിയ പന്ത് പ്രതീക്ഷ നൽകിയെങ്കിലും (34) റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ വീണു. വിജയ് ശങ്കർ (26) അവസാന ഓവറുകളിൽ നടത്തിയ മിന്നൽ പ്രകടനം 350 കടത്തി.