അമിതവണ്ണം ഉള്ളവരാണെങ്കില്‍ കൂടി അമിതവണ്ണവും ഓസ്റ്റിയോ ആർത്രൈറ്റിസും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിലൂടെ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാനാകും.
* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് വളരെ പ്രധാനമായ കാര്യമാണ്. ഇതുവഴി സന്ധികള്‍ക്ക് ബലം നല്‍കുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനുമുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ശരീരത്തിനു ലഭിക്കുന്നതിനും സഹായകമാകും.
* ശരീരഭാരം നിയന്ത്രിക്കുന്നതും ശാരീരിക പ്രവർത്തനങ്ങളില്‍ മുഴുകുന്നതും ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ അപകടസാധ്യത കുറയ്ക്കുന്നതില്‍ ഏറെ പങ്കുവഹിക്കും. അഞ്ചു മുതല്‍ പത്തു ശതമാനം വരെ ശരീരഭാരം കുറയുന്നതു പോലും സന്ധികളിലെ സമ്മർദം ഗണ്യമായി കുറയ്ക്കുകയും അതുവഴി ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും.
* അധികം കാഠിന്യമില്ലാത്ത വ്യായാമങ്ങളായ നടത്തം, നീന്തല്‍, വാട്ടര്‍ എയ്റോബിക്സ് അല്ലെങ്കില്‍ സൈക്ലിങ് തുടങ്ങിയവ പതിവായി ചെയ്യുന്നത് നന്നായിരിക്കും. ഇവ പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ വഴക്കം മെച്ചപ്പെടുത്തി ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും ചില കേസുകളില്‍ വിപുലമായ ചികിത്സാ രീതികളും അനിവാര്യമായി വരും.
ഓസ്റ്റിയോ ആർത്രൈറ്റിസിനുള്ള ആധുനിക ചികിത്സാരീതികള്‍
ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ആഘാതം ഭയപ്പെടുത്തുന്നതാണെങ്കിലും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാകും എന്നത് പ്രതീക്ഷയ്ക്കു വകനൽകുന്ന കാര്യമാണ്. കാൽമുട്ട് മാറ്റിവയ്ക്കല്‍ പോലെയുള്ള നൂതന സർജറികളിലൂടെ വേദനയ്ക്ക് ഗണ്യമായ ആശ്വാസവും ശരീരത്തിന് മെച്ചപ്പെട്ട ചലനശേഷിയും ലഭിക്കും. വ്യക്തിഗതമായി രൂപകല്പന ചെയ്തിക്കുന്ന, വിജയസാധ്യത ഏറെയുള്ള ഈ സർജറിയിലൂടെ വേദനകള്‍ കുറയ്ക്കാനും ശാരീരിക ചലനം പുനഃസ്ഥാപിക്കാനും കഴിയും. അതുവഴി വ്യക്തികള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താനും സജീവമായ ജീവിതശൈലി വീണ്ടെടുക്കാനും സാധിക്കുന്നതാണ്.
ഓസ്റ്റിയോ ആർത്രൈറ്റിസിനുള്ള ചികിത്സാ രീതികളിലെ പുരോഗതി മൂലം കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകള്‍ ഇന്ന് ഏറ്റവും സാധാരണ ചികിത്സാരീതിയായി മാറിയിരിക്കുന്നു. കേടുപാടുകള്‍ സംഭവിച്ചതോ ജീർണിച്ചതോ ആയ കാല്‍മുട്ടുകള്‍ നീക്കം ചെയ്ത് പകരം ലോഹ നിർമിത കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുകയാണ് ഈ സർജറിയിലൂടെ ചെയ്യുന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം കാൽമുട്ട് മാറ്റിവയ്ക്കല്‍ സർജറികള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ വിജയസാധ്യതയാകട്ടെ 98 ശതമാനമാണ്.
അമിതവണ്ണം വ്യക്തികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തേയും ഉത്പാദനക്ഷമതയേയും ബാധിക്കുന്നു. ഇത് ഹൃദ്രോഗം, രക്താതിസമ്മർദം, ഉറക്കമില്ലായ്മ, ടൈപ്പ് 2 ഡയബറ്റീസ് തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. എന്നിരുന്നാലും, അമിതവണ്ണം ഓസ്റ്റിയോ ആർത്രൈറ്റിസ് വരാനുള്ള ഉയർന്ന സാധ്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ
നല്‍കേണ്ടതുണ്ട്.
വിവരങ്ങൾ:
ഡോ. ജോണ്‍ തയ്യില്‍
ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് & സീനിയര്‍ കണ്‍സള്‍ട്ടന്റ്- ഓർത്തോ പീഡിക്സ്, ലൂർദ് ഹോസ്പിറ്റല്‍, കൊച്ചി.