എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല.
എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ മുതുക്,നടുവ് ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെക്കോം.
സ്ത്രീകളിൽ
പ്രായമാകുന്നതുമായി ബന്ധപ്പെട്ട് എല്ലാവരിലും എല്ലുകളുടെ ഡെൻസിറ്റി കുറഞ്ഞുവരാറുണ്ട്. അതു ക്രമേണ ഓസ്റ്റിയോപൊറോസസിലേക്ക് എത്തുന്നു.
സ്ത്രീകളുടെ എല്ലുകൾക്ക് പുരുഷന്മാരുടെ എല്ലിനെ അപേക്ഷിച്ചു കട്ടി കുറവാണെന്നതും സ്ത്രീകൾക്ക് 50 വയസിനു ശേഷം ആർത്തവവിരാമം നേരിടേണ്ടി വരുന്നു എന്നതും സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് സാധ്യത വർധിപ്പിക്കുന്നു.
എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. പ്രായമായവർ, സ്ത്രീകൾ, ആർത്തവം നിലച്ചവർ, പുകവലിക്കാർ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതൽ.
എല്ലുരോഗ വിദഗ്ധനെ കാണാം
കാൽസ്യം, വിറ്റാമിൻ ഡി സപ്ലിമെൻറുകൾ നൽകിയും മറ്റുമരുന്നുകളിലൂടെയും വ്യായാമങ്ങളിലൂടെയും രോഗശാന്തി സാധ്യമാണ്. പരസ്യങ്ങളിൽ കണ്ണടച്ചു വിശ്വസിച്ച് മരുന്നുകൾ സ്വീകരിക്കുന്നത് ഉചിതമല്ല. സ്വയംചികിത്സ പാടില്ലെന്ന് അർഥം. എല്ലുരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.
ചില മരുന്നുകൾ
വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ കുറവ്, പുകവലി, എന്നിവ ഓസ്റ്റിയോപൊറോസിസ് സാധ്യത കൂട്ടുന്നു. കോർട്ടിക്കോ സ്റ്റിറോയ്ഡുകൾ, ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ എന്നിവയുടെ നിരന്തര ഉപയോഗവും എല്ലുകളുടെ നാശത്തിന് ഇടയാക്കുന്നതായി പഠനങ്ങളുണ്ട്.
ഭക്ഷണത്തിൽ ശ്രദ്ധിക്കാം
ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ എല്ലുകളുടെ കട്ടി കുറയുന്നു. ദുർബലമാകുന്നു. പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധം ഒന്നുമാത്രം; എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം സ്വീകരിക്കണം.
കാൽസ്യം
* കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം.കൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കാൽസ്യം സന്പന്നം.
* കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവിൽ അധികമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.
വിറ്റാമിൻ ഡി
വിറ്റാമിൻ ഡി അടങ്ങിയ ആഹാരവും എല്ലുകളുടെ കരുത്തു കൂട്ടാൻ സഹായകം.അയല തുടങ്ങിയ മീനുകൾ, മീനെണ്ണ(കോഡ് ലിവർ ഓയിൽ), സോയാബീൻ ഉത്പന്നങ്ങൾ, മുട്ട, കൂണ്, പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, കൊഴുപ്പു നീക്കം ചെയ്ത പാലും പാലുത്പന്നങ്ങളും, നട്സ് തുടങ്ങിയവ വിറ്റാമിൻ ഡി സന്പന്നം.
(തുടരും)