പയ്യന്നൂര്‍: ബാങ്ക് അക്കൗണ്ടിന്റെ ഒടിപി നമ്പര്‍ ആവശ്യപ്പെട്ട് നടത്തിയ തട്ടിപ്പില്‍ പയ്യന്നൂരിലെ ഡോക്ടറും കബളിപ്പിക്കപ്പെട്ടു. പയ്യന്നൂരിലെ ഒരു ആശുപത്രിയിലെ സര്‍ജന്റെയും ഭാര്യയുടേയും പേരിലുള്ള ഐഒബി ബാങ്കിലെ ജോയന്റ് അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ഡോക്ടറുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം 26ന് രാവിലെ 8.30നാണ് സംഭവം.ഐഒബിയുടെ ചെന്നൈ ഓഫീസില്‍നിന്നാണെന്ന് പരിചയപ്പെടുത്തി 6297357834, 8422009988 എന്നീ ഫോണുകളില്‍ നിന്നാണ് ഡോക്ടറെ വിളിച്ച് ഒടിപി നമ്പര്‍ ആവശ്യപ്പെട്ടത്.എടിഎം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞപ്പോള്‍ താന്‍ എടിഎം കാര്ഡുപയോഗിക്കാറില്ലെന്ന് ഡോക്ടര്‍ മറുപടിയും നല്കി.
ഉടനെ ഡോക്ടറുടെ ഭാര്യയെ ചെന്നൈ ഓഫീസില്‍ നിന്നാണെന്ന് വിളിച്ച് ഒടിപി നമ്പര്‍ ആവശ്യപ്പെട്ടു. ഫോണില്‍വന്ന ലിങ്കില്‍ ഭാര്യ ക്ലിക്ക് ചെയ്തതോടെയാണ് 25000 രൂപ വീതം നാലുതവണകളിലായി ഒരുലക്ഷം രൂപ ഇവരുടെ അക്കൗണ്ടില്‍നിന്നും നഷ്ടമായത്.ഐഒബി ബാങ്കിന്റെ മാനേജരെ വിളിച്ച് ഒടിപി നമ്പര്‍ ആവശ്യപ്പെട്ട വിവരം ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ നടപടിയെടുക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പുകാര്‍ പണം പിന്‍വലിച്ചിരുന്നു.