കോട്ടയം: കോവിഡ് കാലത്ത് ജില്ലയിൽ വീണ്ടും ഒടിപി തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ബന്ധുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി നടത്തിയ തട്ടിപ്പിലൂടെ കഞ്ഞിക്കുഴി സ്വദേശിക്കു 4500രൂപയാണ് നഷ്ടപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്കു മുന്‍പ് ചങ്ങനാശേരിയിലും ഒടിപി തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിരുന്നു. ഒടിപി തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന പല കേസുകളിലും പോലീസ് അന്വേഷണം പുരോഗമിക്കുന്നതല്ലാതെ പ്രതികളെ പിടികൂടാൻ കഴിയുന്നില്ല.
ഇന്റർനൈറ്റ് തട്ടിപ്പിലൂടെ പണം നഷ്്ടപ്പെടുന്ന സംഭവങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പറയുന്പോഴും പുതിയ രീതികൾ ഉപയോഗിച്ചു തട്ടിപ്പ് സംഘങ്ങൾ പണം അപഹരിക്കുകയാണ്.
കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ യുവാവിനു പണം നഷ്്ടപ്പെട്ടത് വിദേശത്തുള്ള ബന്ധുവിന്റെ ചിത്രം ഉപയോഗിച്ചു വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശം അയച്ചതോടെയാണ്. ബന്ധുവിന്റെ നാട്ടിലെ നന്പർ മാത്രമാണ് ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നത്.
സന്ദേശം വന്ന വിദേശ നന്പറിൽ ബന്ധുവിന്റെ ചിത്രം കണ്ടതിനാൽ തട്ടിപ്പു മനസിലായില്ല. ഓണ്‍ലൈൻ സൈറ്റിൽ നിന്നു സാധനം വാങ്ങിയെന്നും തന്റെ വിദേശത്തെ ബാങ്കിംഗ് ഉപയോഗിച്ചു പണം അടയ്ക്കാൻ ആകുന്നില്ലെന്നും തട്ടിപ്പുകാരൻ സന്ദേശത്തിലൂടെ അറിയിച്ചു.
4500രൂപ ഇയാളുടെ അക്കൗണ്ടിൽ ഉണ്ടോയെന്നു ചോദിച്ച് ഉറപ്പിച്ചശേഷം വ്യാജ അക്കൗണ്ടിൽ നിന്നു ഗൂഗിൾ പേ സംവിധാനത്തിലൂടെ പണം അടയ്ക്കാനുള്ള ലിങ്ക് നൽകി. പിന്നീട് പണം നൽകാമെന്ന് അറിയിച്ചതോടെ ഇയാൾ ലിങ്കിൽ ക്ലിക്ക് ചെയ്തു പണം അടച്ചു.
പിന്നീടു നേരിട്ടു ബന്ധുവിനെ വിളിച്ചു സംസാരിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. ഈ സമയം തട്ടിപ്പു നടത്തിയ നന്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നന്പർ ബ്ലോക്ക് ചെയ്തെന്ന സന്ദേശമായിരുന്നു.
പിന്നീട് മറ്റൊരു നന്പറിൽ നിന്നു വാട്സ്ആപ് പരിശോധിച്ചപ്പോൾ പുതിയ ചിത്രവും പേരുമാണു ഈ വാട്സ് ആപപ് അക്കൗണ്ടിനു നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തി. തുടർന്നു പരാതി നല്‍കുകയായിരുന്നു.
ഒടിപി തട്ടിപ്പുകളുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. വിദേശ രാജ്യങ്ങളിലെ സെർവറിൽ നിന്നുള്ള തട്ടിപ്പായതിനാൽ പ്രതികളെ കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണ്.
ഓണ്‍ലൈൻ പണമിടപാടുകൾ കൃത്യമായി ഉറപ്പ് വരുത്തിയശേഷമേ നടത്താവൂവെന്നാണ് പോലീസും ബാങ്ക് അധികൃതർ പറയുന്നത്.