കളമശേരി: ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലറും കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ജെ. ലതയുടെ അക്കൗണ്ടിൽനിന്നു നെറ്റ് ബാങ്കിംഗ് വഴി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇന്നലെ രാവിലെ 10.30 നാണ് പ്രോ വൈസ് ചാൻസലറെ തെറ്റിദ്ധരിപ്പിച്ചു മൊബൈൽ ഫോണിൽ വന്ന ഒറ്റത്തവണ പാസ്വേർഡ് ശേഖരിച്ചു പണം തട്ടിയത്.
ആദ്യം മൊബൈലിൽ വാട്സാപ്പിൽ സന്ദേശവും കോളുമാണു വന്നത്. ബാങ്കിൽനിന്നാണു വിളിക്കുന്നതെന്നും ആർബിഐയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്നും താങ്കളുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ആയെന്നും പുതിയ ചിപ്പ് വച്ച കാർഡ് നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. മൊബൈൽ ഫോണിൽ രണ്ടു തവണ ഒടിപി നമ്പർ വരുമെന്നും അതു പറഞ്ഞുതരണമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഡോ. ലത ഒടിപി നമ്പർ പറഞ്ഞുകൊടുത്തു.
ഈ വിവരം ഭർത്താവിനോടു പോലും പറയരുതെന്നു മുന്നറിയിപ്പ് നൽകിയാണു വിളിച്ചയാൾ ഫോൺ കട്ട് ചെയ്തത്. ഉടൻതന്നെ അക്കൗണ്ടിൽനിന്നു രണ്ടുതവണകളായി 1,92,499 രൂപ പിൻവലിച്ചതായി സന്ദേശവുമെത്തി. ലതയുടെ ഭർത്താവ് വാട്സാപ്പ് സന്ദേശമെത്തിയ നമ്പറിൽ തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല.
ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് കബളിക്കപ്പെട്ടുവെന്നു വ്യക്തമായത്. ഡോ. ലതയുടെ പരാതിയിൽ ഐടി ആക്ട് 66 ബി പ്രകാരം കേസെടുത്തതായി കളമശേരി പോലീസ് അറിയിച്ചു.