തിരുവനന്തപുരം: ഒടിപി തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നവർ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പോലീസിനെ അറിയിക്കുകയാണെങ്കിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ്. ഇതിലേക്കായി സൈബർ സെല്ലിൽ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് സംഘത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു ലക്ഷത്തോളം രൂപ സിറ്റിയിലെ സൈബർ സെൽ മുഖേന കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്താക്കൾക്ക് മടക്കി ലഭിച്ചിട്ടുള്ളതായും കമ്മീഷണർ അറിയിച്ചു.
പണം നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടൻ തന്നെ ബാങ്ക് ഉപയോക്താക്കൾ പണം കൈമാറ്റം ചെയ്തു എന്നറിയിക്കുന്ന എസ്എംഎസ് സന്ദേശം ഉൾപ്പെടെയുള്ള വിവരം പോലീസ് കമ്മീഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന സൈബർ സെല്ലിലെ 0471 2329107, 9497975998 എന്നീ നമ്പരുകളിലോ പോലീസ് സ്റ്റേഷനിലെ 0471 2322090 എന്ന നന്പരിലോ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് അറിയിച്ചു.
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്എംഎസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലിൽനിന്നു ഡിലീറ്റ് ചെയ്യുവാൻ പാടുള്ളതല്ല.ഒടിപി നമ്പർ നൽകി പണം നഷ്ടപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പോലീസിനെ വിവരം അറിയിച്ചാൽ മാത്രമേ പണം നഷ്ടമാകാതെ തിരികെ ലഭിക്കുവാൻ സാധ്യതയുള്ളൂ.
പോലീസിൽ വിവരം അറിയിച്ചാലുടൻ അവർ അടിയന്തരമായി ബാങ്കിംഗ് വാലറ്റുകളെ അറിയിക്കും. ബാങ്കിംഗ് അധികൃതർ ഉടനടിതന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവയ്ക്കുകയും ചെയ്യും. പണം നഷ്ടപ്പെട്ട് അര മണിക്കൂർ മുതൽ രണ്ടു മണക്കൂർ വരെ പണം വാലറ്റിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ പണം ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.