കുറവിലങ്ങാട്: കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കുന്ന പി.എം കിസാൻ പദ്ധതിയിൽ ലാൻഡ് വേരിഫിക്കേഷൻ നടത്താനാകാതെ ആയിരങ്ങൾ.
പലതവണ പരിശ്രമം നടത്തിയിട്ടും ബന്ധപ്പെട്ട വെബ്സൈറ്റിൽ കയറാൻ പോലും കഴിയാത്ത സാഹചര്യത്തിൽ കർഷകർ നിരാശയിലാണ്.
പലതവണ നീട്ടിനൽകിയ തീയതി അനുസരിച്ച് ഈ മാസം 25ന് മുൻപായി കർഷകർ തങ്ങളുടെ ഭൂമിയുടെ സ്ഥിതിവിവരങ്ങൾ അപ് ലോഡ് ചെയ്ത് ഉറപ്പാക്കാനായിരുന്നു നിർദേശം.
ഇതിനായി പ്രധാനമായും ആ വർഷത്തെ കരം അടച്ച രസീത് ആവശ്യമായിരുന്നു.
ഓണ്‍ലൈനായി വസ്തുവിന്റെ കരം അടയ്ക്കാൻ എത്തിയ പലരും പണം കൈമാറുന്നതിനായി നൽകിയ ഗേറ്റ് വേയുമായി ബന്ധപ്പെട്ട അജ്ഞത മൂലം നടത്തിയ പരിശ്രമങ്ങൾ ദിവസങ്ങളുടെ കാത്തിരിപ്പിന് ഇടയാക്കി.
കരം അടച്ചാലും എഐഎംഎസ് പോർട്ടലിൽ കയറിയുള്ള തുടർ നടപടികൾക്ക് ഒടിപി ലഭിക്കാത്ത സ്ഥിതിയായിരുന്നു.
ഇതുമൂലം ഇ സർവീസ് നൽകുന്ന പല കേന്ദ്രങ്ങളും ലാൻഡ് വേരിഫിക്കേഷനെത്തുന്നവരെ മടക്കി അയയ്ക്കുന്ന സ്ഥിതിയും ചിലേടങ്ങളിലുണ്ടായി.
കൃഷിഭവനുകളിൽ സേവനം നൽകിയിരുന്നുവെങ്കിലും ഇവിടെയും ഇതേ സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
അവസരം ലഭിക്കാത്തവർക്കു പ്രത്യേക പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പെങ്കിലും അതു സംബന്ധിച്ച ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നതു കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.