ബാങ്ക് തട്ടിപ്പിൽ ട്രോളുമായി കേരള പോലീസ്. അതീവ സുരക്ഷാ ആവശ്യമുളള ഇടപാടുകൾക്കു നൽകപ്പെടുന്നതായ ഒടിപി നന്പർ യാതൊരു കാരണവശാലും മറ്റു വ്യക്തികൾക്കു നൽകരുതെന്നു ചൂണ്ടിക്കാട്ടിയാണു ട്രോൾ.
അടുത്തിടെ, ഒടിപി നന്പർ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകമാണ്. വടക്കേഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമാണു തട്ടിപ്പുകാരുടെ ഓപ്പറേഷൻ. ഒടിപി നന്പർകിട്ടാതെ ഭൂരിഭാഗം തട്ടിപ്പുകളും നടക്കില്ല. ഒരു ബാങ്കിൽനിന്നും അക്കൗണ്ട് വിവരങ്ങളും ഫോണ്‍ സന്ദേശങ്ങളും ചോദിച്ച് ആരും വിളിക്കില്ല എന്നതാണു യാഥാർഥ്യം.
വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ പലരീതിയിൽ സംഘടിപ്പിച്ചു അവ ഓണ്‍ ലൈനിൽ വിലയ്ക്കു വിൽക്കുന്ന വെബ്സൈറ്റുകളുണ്ട്. പലവിധത്തിലാണു ഇവർ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. ആധാറും പാൻനന്പരും അക്കൗണ്ട് നന്പരും ഫോണ്‍ നന്പരുമെല്ലാം ബന്ധിപ്പിക്കുന്ന കാലമാണിത്. ഏതെങ്കിലും ഒന്നോ രണ്ടോ നന്പർ ലഭിച്ചാൽ ബാക്കി കണ്ടെത്താൻ തട്ടിപ്പുകാർക്കാകും.
എടിഎം കൗണ്ടറുകളിൽ സ്കിമ്മറുകളും മറ്റും ഉപയോഗിച്ചു എടിഎം കാർഡിലെ വിവരങ്ങൾ പകർത്തിയെടുക്കുന്ന വിരുതൻമാരുണ്ട്. അവർക്കു ആദ്യ പിൻനന്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണു ലഭിക്കുക. ഇവർ ഒടിപി നന്പർ ലഭിക്കാനായി വിളിക്കാറില്ല.