ന്യൂഡൽഹി: ചില ഒടിടി (ഓവർ ദി ടോപ്) പ്ലാറ്റ് ഫോമുകളിൽ ലൈംഗിക ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും അവയ്ക്കും നിയന്ത്രണം വേണമെന്നും സുപ്രീംകോടതി. ഇന്റർനെറ്റിലൂടെയും ഒടിടി സംവിധാനങ്ങൾ വഴിയും സിനിമകളും മറ്റും കാണുന്നത് ഇപ്പോൾ സാധാരണമായിട്ടുണ്ട്.
അവയ്ക്ക് ചില നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നാണ് ജസ്റ്റീസ് അശോക് ഭൂഷവും ആർ.എസ് റെഡ്ഡിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ചില ഒടിടി പ്ലാറ്റ്ഫോമുകളിൽ ലൈംഗിക ഉള്ളടക്കമുള്ള ദൃശ്യങ്ങളും കാണിക്കുന്നുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
സാമൂഹിക മാധ്യമങ്ങളെ ഉൾപ്പടെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർനിദേശങ്ങൾ ഹാജരാക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു.
ആമസോണ്‍ പ്രൈം വീഡിയോയിൽ വന്ന താണ്ഡവ് സീരീസുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി വിഷയം ഉന്നയിച്ചത്.
മുൻകൂർ ജാമ്യ ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈം ഇന്ത്യ മേഥാവി അപർണ പുരോഹിത് നൽകിയ അപ്പീൽ ആണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.