തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. എൺപതാം പിറന്നാൾ ദിനമായ ഇന്ന് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അടൂർ സർക്കാർ തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെ വിമർശനമുന്നയിച്ചത്.
സിനിമക്കോ നിർമ്മാതാക്കൾക്കോ ഗുണമില്ലാത്ത തീരുമാനം ആണിതെന്ന് അടൂർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം നിർമ്മാതാക്കൾക്ക് ഗുണമാകില്ല.
പണ്ട് താൻ കൊടിയേറ്റം സിനിമ റിലീസ് ചെയ്യുന്നതിന് ബുദ്ധിമുട്ടി. ഇപ്പോൾ ആ സ്ഥിതി അനുഭവിക്കുന്നവർക്ക് തീയറ്റർ റിലീസിനായി സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ അടുത്ത സിനിമ ഉടൻ ഉണ്ടാകുമെന്നും മോഹൻലാലുമൊത്തുള്ള ഒരു സിനിമ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നടന് വേണ്ടിയല്ല താൻ സിനിമ നിർമ്മിക്കുന്നതെന്നും അടൂർ കൂട്ടിച്ചേർത്തു.
കേരളപ്പിറവി ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു.