എടക്കാട്: പെരളശേരി മൂന്നുപെരിയയിൽ ഒറ്റ നന്പർ ചൂതാട്ടം നടത്തിയയാൾ പിടിയിൽ. മൂന്നുപെരിയയിലെ വി.സി കമ്യൂണിക്കേഷൻസ് നടത്തിവരുന്ന വി.സി. ഷമൽ രാജിനെ (39) യാണ് എടക്കാട് പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളുടെ പക്കലിൽ നിന്നു 90,000 രൂപയും പോലീസ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കടയുടെ മറവിൽ ഇയാൾ ഒറ്റ നന്പർ ചൂതാട്ടം നടത്തിവരികയായിരുന്നു.
ഓൺലൈൻ ലോട്ടറി തട്ടിപ്പും ഒറ്റ നന്പർ ചൂതാട്ടവും വ്യാപകമാകുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇന്നലെ വൈകുന്നേരം ഇയാളുടെ കടയിൽ പരിശോധന നടത്തിയത്. ഒറ്റനന്പർ ചൂതാട്ടം നടത്തിയ പണം മേശവലിപ്പിൽനിന്ന് പോലീസ് കണ്ടെടുത്തു. കൂടാതെ മൊബൈൽ ഫോണും പിടിച്ചെടുത്തു.