വടകര: ഒറ്റ നന്പർ ലോട്ടറി ചൂതാട്ടത്തിൽ ഏർപെട്ട മൂന്നുപേരെ ഡിവൈഎസ്പി സ്ക്വാഡ് പിടികൂടി. എടച്ചേരി ലതീഷ്കുമാർ, ഏറാമല ശ്രീധരൻ, അഴിയൂർ അബ്ദുള്ള എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 58,685 രൂപ പിടിച്ചെടുത്തു.
ഓർക്കാട്ടേരി ധനശ്രീ ലോട്ടറിയുടെ മറവിലാണ് ഒറ്റനന്പർ ചൂതാട്ടം നടത്തിവന്നതെന്ന് പോലീസ് അറിയിച്ചു. ധനശ്രീ ലോട്ടറി ഉടമയാണ് ലതീഷ്കുമാർ. ഓണ്‍ലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഓർക്കാട്ടേരി ബന്ധം വ്യക്തമായത്.
പണത്തിനു പുറമെ നന്പറുകൾ എഴുതിയ കടലാസ് തുണ്ടുകളും ഫോണുകളും പിടിച്ചെടുത്തു. നേരത്തെ പിടിയിലായവർ റിമാന്റിൽ കഴിയുകയാണ്. ഓണ്‍ലൈൻ ലോട്ടറിയും ഒറ്റനന്പർ ലോട്ടറിയും വടകര മേഖലയിൽ വൻതോതിൽ നടക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയിലാണ് പോലീസ്. പലരേയും പിടികൂടാനായെന്നും നടപടി തുടരുമെന്നും ഡിവൈഎസ്പി ടി.പി.പ്രേംരാജൻ പറഞ്ഞു.