കാട്ടാക്കട : മലയോരമേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. നെയ്യാർഡാം ചെറുപ്പണയിലും ചലനം.
വീട്ടുകാർ ഭയന്ന് പുറത്തേക്ക് ഓടി. ഇന്നലെ രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്.
നെയ്യാർഡാം കഴിഞ്ഞ് പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിലാണ് ചലനമുണ്ടായത്.
കള്ളിക്കാട് പഞ്ചായത്തിൽ കള്ളിക്കാട് വാർഡിൽ രാത്രിയോട് കൂടി ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകയും വീടുകളിൽ ടിവി സ്റ്റാൻഡുകൾ കുലുങ്ങുകയും പാത്രങ്ങൾ തറയിൽ വീഴുകയും ചെയ്തു.
പൂഴനാട്ടും ഇതേ സമയത്ത് ഉച്ചത്തിൽ ശബ്ദം കേൾക്കുകയും മേശ ഉൾപ്പടെ ചലിക്കുകയും ചെയ്തതായി സാമൂഹ്യപ്രവർത്തകൻ കൂടിയായ പൂഴനാട് ഗോപൻ പറഞ്ഞു.
മൈലക്കര മൂഴിയിൽ ഉറങ്ങി കിടക്കവെ വീട്ടിനകത്ത് വല്ലാത്ത വിറയൽ ഉണ്ടായതായും പാത്രങ്ങൾ തറയിൽ വീഴുകയും ഉച്ചത്തിൽ ശബ്ദം കേൾക്കുകയും ചെയ്തതായും ഇവിടെ ചെടി നഴ്സറി നടത്തുന്ന ബിജു പറഞ്ഞു.
മൈലക്കരയിൽ ഉച്ചത്തിലുള്ള ശബ്ദം കേട്ട് വീട്ടുകാരായ സുശീല ഉൾപ്പടെ ഭയന്ന് വീട്ടിനു പുറത്തേക്ക് ഓടി.
വെള്ളറടയിൽ ചില വീടുകൾക്ക്ചെറിയ തോതിൽ പൊട്ടൽ ഉണ്ടായി. വെള്ളറട കുതാളി പന്നിമല കുരിശ് മലയുടെ താഴ് വാരം എന്നിവിടങ്ങളിൽ രാത്രി 12 മണിയോടെയാണ് സംഭവം,
ഉച്ചത്തിൽ മുഴക്കം കേട് വീടിനുള്ളിൽ നിന്നും ആളുകൾ പുറത്തേക്കിറങ്ങി. നെയ്യാർഡാം നിരപ്പുകാല, പന്ത എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വാഴിച്ചൽ, പേരെക്കോണം , മണ്ഡപത്തിൻകടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി.
നെയ്യാർഡാം ചെറുപ്പണയിലും ചലനം ഉണ്ടായതായി നിരപ്പുകാല സ്വദേശി ബാബു പറഞ്ഞു. അതിനിടെ ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാൻ ജലസേചനവകുപ്പ് ശ്രമം തുടങ്ങി.
ഡാമിൽ വിവിധയിടങ്ങളിൽ ആക്സിലറോമീറേറ്റർ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നേരിയ ചലനങ്ങൾ അറിയാൻ കഴിയും. ഈ ഉപകരണങ്ങളുടെ റീഡിംഗ് വിദഗ്ധർ നോക്കികൊണ്ടിരിക്കുകയാണ്.