പുതുക്കാട്: ചിറ്റിശേരിയിൽ യുവതി ഓട്ടുകന്പനിയിൽ പ്രസവിച്ച സംഭവം അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് കൈയേറ്റം ചെയ്ത കന്പനി ഉടമക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റിശേരി വിശ്വം പോട്ടറീസ് ഉടമ കൃഷ്ണനെതിരെയാണ് പുതുക്കാട് പോലീസ് കേസെടുത്തത്. നെന്മണിക്കര ആരോഗ്യ കുടുംബകേന്ദ്രത്തിലെ നേഴ്സ് കെ. യമുനയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആരോഗ്യവകുപ്പ് അധികൃതരുടെ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ തടസം നിന്നതിനാണ് കേസ്. ഉത്തരേന്ത്യൻ സ്വദേശിനിയായ യുവതി ചൊവ്വാഴ്ച പുലർച്ചെയാണ് ഓട്ടുകന്പനിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രസവിച്ചത്. കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു. സംഭവം അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘത്തിനുനേരെ കന്പനി ഉടമ അതിക്രമം കാണിക്കുകയായിരുന്നു.
യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം ഇയാൾ നിരാകരിച്ചതോടെ തർക്കമായി. ഇവരെ തൊഴിൽ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കിൽ രേഖാമൂലം നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യത്തിൽ ചികിത്സയാണ് നൽകേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ സംഘം. ഇതിനിടെ വനിത ഡോക്ടർക്കുനേരെയും ജീവനക്കാർക്ക് നേരെയും അസഭ്യ വർഷം നടത്തിയ ഇയാൾ ഇവരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പറയുന്നു. ആശുപത്രിയിലേയ്ക്ക് യുവതിയെയും കുഞ്ഞിനെയും നിർബന്ധപൂർവ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലൻസിന്റെ താക്കോൽ ഉടമ ഉൗരിയെടുത്തു.
യഥാസമയം തൊഴിലാളിയ്ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിൽ തൊഴിലുടമ വീഴ്ച വരുത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ട് പുതുക്കാട് പൊലിസെത്തിയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. മതിയായ രേഖകൾ സമർപ്പിക്കാതെയാണ് യുവതിയെ ഓട്ടുകന്പനിയിൽ താമസിപ്പിച്ചതെന്ന് നെന്മണിക്കര ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.