പോത്തൻകോട് : സുധീഷ് വധക്കേസിലെ രണ്ടാം പ്രതിയും ഗുണ്ടാത്തലവനുമായ ഒട്ടകം രാജേഷെന്ന രാജേഷിനെ പോലീസ് പിടികൂടി. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നുമാണ് തിങ്കളാഴ്ച പുലർച്ചയോടെ രാജേഷിനെ പിടികൂടിയത്.കൊലപാതകം നടന്ന് പത്താം ദിവസമാണ് ഇയാൾ അറസ്റ്റിലായത്.
പോലീസിന്റെ പിടിയിൽപ്പെടാതെ കോടതിയിൽ കീഴടങ്ങാൻ പളനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് കൊല്ലം ബസ് സ്റ്റാൻഡിൽ വച്ച് പിടിയിലായത്. രാജേഷിനു വേണ്ടിയുള്ള തെരച്ചിലിനിടെ വള്ളം മറിഞ്ഞ് സിവിൽ പോലീസ് ഓഫീസർ ബാലു മരിച്ചതോടെ പോലീസ് പ്രതിക്കു വേണ്ടി കൂടുതൽ പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു.
രാജേഷ് അറസ്റ്റിലായതോടെ കേസിലെ പതിനൊന്നു പ്രതികളും പിടിയിലായി.പട്ടാപ്പകൽ വീടിനുള്ളിൽവച്ച് ഗുണ്ടാപ്പകയുടെ പേരിൽ ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) കൊലപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കുകയാണെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
ദാരുണമായ കൊലപാതകം നടന്ന് പത്തുദിവസത്തിനുള്ളിലാണ് എല്ലാപ്രതികളും പിടിക്കപ്പെട്ടത്.കഴിഞ്ഞദിവസം ഒന്നാം പ്രതി ഊരുപൊയ്ക മങ്കാട്ടുമൂല സ്നേഹപുരം എസ്എസ് ഭവനിൽ സുധീഷ് ഉണ്ണി, മൂന്നാം പ്രതി ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട്ടിൽ മിഠായി ശ്യാംകുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പ്രധാന പ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, മിഠായി ശ്യാം എന്നിവർ നാഗർകോവിലിലേക്കാണ് രക്ഷപ്പെട്ടത്. തിരിച്ചെത്തിയപ്പോൾ വെമ്പായം ചാത്തന്പാട് വച്ച് ഉണ്ണി, ശ്യാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടയിൽ തന്ത്രപൂർവം രക്ഷപ്പെട്ട ഒട്ടകം രാജേഷ് ഓട്ടോയിൽ വെഞ്ഞാറമൂട്ടിൽ എത്തി, അവിടെനിന്ന് ബസ് മാർഗം പളനിയിലേക്ക് കടക്കുകയായിരുന്നു.
പളനിയിൽ എത്തിയശേഷം പളനി സ്വദേശിയുടെ മൊബൈൽ വാങ്ങി നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ച് പണം സംഘടിപ്പിച്ച് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ വിവരം പോലീസിനെ അറിയിച്ചു.രാജേഷ് പളനിയിൽ ഉണ്ടെന്ന് അറിഞ്ഞ പോലീസ് സംഘം അവിടേക്ക് തിരിച്ചു.
എന്നാൽ, പോലീസ് പിറകെയുണ്ടെന്ന് അറിഞ്ഞ രാജേഷ് പളനിയിൽ നിന്ന് എറണാകുളത്തെത്തി. തുടർന്ന് മറൈൻഡ്രൈവിൽനിന്നും എറണാകുളം ബാനർജി റോഡിലും വച്ച് വഴിപോക്കരുടെ ഫോണുകളിൽനിന്ന് വീണ്ടും സുഹൃത്തിനെ വിളിച്ച് പണത്തിന്റെ കാര്യം ചോദിച്ചു. ഈ വിവരം ഇയാൾ പോലീസിന് കൈമാറി.
തുടർന്ന് രാജേഷിന്റെ സഞ്ചാര മാർഗം മനസിലാക്കിയ പോലീസ് സംഘം കൊല്ലം കെഎസ്ആർടി.സി ബസ് സ്റ്റാൻഡിൽ എത്തി പിടികൂടുകയായിരുന്നു.തുടർന്ന് പ്രതിയെ വർക്കല പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം രാവിലെ പത്തരയോടെ പോത്തൻകോട് സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിൽ ഉണ്ണിയുടെ കുടുംബത്തിന് നേരെയുള്ള ആക്രമണമാണ് സുധീഷിനെ കൊലപ്പെടുത്താൻ പെട്ടെന്നുണ്ടായ പ്രകോപനമെന്ന് രാജേഷ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ഒട്ടകം രാജേഷിന്റെ തൂങ്ങി മരിച്ച സുഹൃത്ത് വിനീഷിന്റെ കുഴിമാടത്തിനരികിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും 11 പ്രതികളും അപ്പോൾ ഉണ്ടായിരുന്നതായും വെളിപ്പെടുത്തി.
പോത്തൻകോട് കൊലപാതകത്തിൽ മരിച്ച സുധീഷിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് സഹോദരീ ഭർത്താവ് ശ്യാമാണെന്ന് രാജേഷ് വെളിപ്പെടുത്തിയിരുന്നു. 50 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ഈ സംഘമാണ് ഒട്ടകം രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് പത്ത് ദിവസത്തിനുള്ളിൽ 500ൽ അധികം ഫോൺ കോളുകളും 50ലധികം സിസി ടിവി കാമറ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഇക്കഴിഞ്ഞ 11നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ, റൂറൽ എസ്പി പി.കെ. മധു, നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിൽ സിഐമാരായ ശ്യം, സജീഷ്, മുകേഷ്, മിഥുൻ, എസ്ഐമാരായ വിനോദ് വിക്രമാദിത്യൻ, എസ്സിപിഒമാരായ വിനോദ്, ഫിറോസ് ഖാൻ, ബിജുകുമാർ, 13 പേരടങ്ങിയ ഷാഡോ ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ പിടികൂടിയ സംഘത്തിന് പ്രത്യേക പാരിതോഷികം നൽകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.