കണ്ണൂർ: ലക്ഷങ്ങളുടെ ഒറ്റനന്പർ ചൂതാട്ടം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയടക്കം 3 പേർ അറസ്റ്റിൽ. ചക്കരക്കൽ എസ്ഐ പി. ബിജുവിന്റേയും കണ്ണൂർ എസ്പിയുടെ ഷാഡോ സംഘത്തിന്റെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ലോട്ടറി തട്ടിപ്പിലെ മുഖ്യകണ്ണിയായ ആറ്റടപ്പ മുട്ടോളംപാറയിലെ വിനോദ് (50), കൂത്തുപറന്പ് മാറോളിയിലെ സി. രതീഷ് (34), മുഴപ്പിലങ്ങാട് സ്വദേശി പി. ദീപേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിനോദിന്റെ ആറ്റടപ്പ തങ്കേക്കുന്നിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. വീടിന്റെ ഒരു മുറി ചൂതാട്ടകേന്ദ്രത്തിന്റെ ഓഫീസായി പ്രവർത്തിക്കുകയായിരുന്നു.
ഇവിടെ രണ്ട് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ റെയ്ഡിൽ 3,80,000 രൂപയാണ് പിടിച്ചെടുത്തത്. കണ്ണൂർ നഗരത്തിൽ ഇയാളുടെ നിയന്ത്രണത്തിൽ നാല് ലോട്ടറി സ്റ്റാളുകൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഈ ലോട്ടറി സ്റ്റാളുകൾ കേന്ദ്രീകരിച്ചാണ് ഓൺലൈൻ ചൂതാട്ടം നടത്തുന്നത്.
വിനോദ് നേരത്തെയും ഒറ്റ നന്പർ ചൂതാട്ടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.കണ്ണൂരിലെ പ്രമുഖ ലോട്ടറി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ചക്കരക്കല്ല് എസ്ഐ പി.ബിജു രാഷ്ട്രദീപികയോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. ചക്കരക്കൽ എസ്ഐ പി. ബിജുവിനു പുറമെ എഎസ്ഐമാരായ കെ. ശശീന്ദ്രൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനയൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ഗിരിജ, സീനിയർ പോലീസ് ഓഫീസർമാരായ സി.പി. ഹരീന്ദ്രൻ, പ്രേമൻ, സജീഷ്, സുജിത്ത്, മുഹമ്മദ്, എസ്പിയുടെ ഷാഡോ ടീമംഗങ്ങളായ സി. അജിത്ത്, മഹേഷ്, മിഥുൻ, എ. സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.