മുക്കം (കോഴിക്കാട്): സംസ്ഥാനത്ത് ഒറ്റയക്ക ലോട്ടറി ചൂതാട്ടം വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാന ലോട്ടറിക്ക് വലിയ ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഒറ്റയക്കലോട്ടറി മാഫിയപിടിമുറുക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.കോഴിക്കോട് മലപ്പുറം ജില്ലാതിര്‍ത്തിയായ പന്നിക്കോട്, മലപ്പുറം ജില്ലയിലെ അരീക്കോട്, മഞ്ചേരി എന്നീ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനം. ഇത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും നടപടി സ്വീകരിക്കുമെന്നും റൂറല്‍ എസ്.പി. ജി. ജയദേവ് പറഞ്ഞു.
ഓരോ ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്ന് അക്കം നേരത്തെ പ്രവചിച്ചാണ് സമ്മാനം നേടുന്നത്. ഇതിനായി പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. ദിവസവും കോടിക്കണക്കിന് രൂപയാണ് ഇതുവഴി നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. ജില്ലയിലെ മുക്കം പോലുള്ള സ്ഥലങ്ങളിലും മാഫിയ സജീവമാണ്.
ഒറ്റയക്കലോട്ടറി സംവിധാനം വ്യാപകമായതോടെ സംസ്ഥാന ലോട്ടറിയുടെ വില്‍പ്പനയിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. പല അങ്ങാടികളിലും നിരവധി ലോട്ടറിക്കടകള്‍ ഉണ്ടങ്കിലും അവിടെയെല്ലാം ലോട്ടറി വില്‍പ്പന പേരിന് മാത്രമായിരിക്കും. മുന്നില്‍ നിരത്തി വെച്ച കുറച്ച് ലോട്ടറികളുടെ മറവില്‍ വലിയ തോതില്‍ ഒറ്റയക്കലോട്ടറി ബിസിനസ് പൊടിപൊടിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാലും വളരെ രഹസ്യമായാണ് ഏര്‍പ്പാടുകള്‍ എന്നതിനാല്‍ പിടിക്കപ്പെടുന്നതും വളരെ അപൂര്‍വമാണ്. അത് കൊണ്ട് തന്നെയാണ് ഇത്തരം മാഫിയയുടെ പ്രവര്‍ത്തനം കൂടുതല്സജീവമാവുന്നതും.