സ്വന്തംലേഖകന്‍
കോഴിക്കോട് : സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് സമാന്തരമായി നടത്തുന്ന ഒറ്റനമ്പര്‍ ചൂതാട്ട ലോബിയുടെ ഉറവിടം തേടി പോലീസ്. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നുണ്ടെങ്കിലും അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ മൂന്നു കേസുകള്‍ക്കു പിന്നിലുമുള്ളത് ഒരേ കേന്ദ്രമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ജില്ലയില്‍ സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് ഒറ്റമ്പര് ചൂതാട്ടത്തിനു പിന്നിലുള്ളവര്‍ ആരെല്ലാമാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായവും ഇതിനായി തേടിയിട്ടുണ്ടെന്ന് കസബ എസ്ഐ കെ.പി. ബിജിത്ത് അറിയിച്ചു. കസബ സ്റ്റേഷന് പരിധിയിലെ ഒറ്റനമ്പര്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് പിടികൂടിയത്.
ഗുരുവായൂരപ്പന് കോളജിന് സമീപത്തെ പിലാക്കാട്ട് വീട്ടില്‍ പി. രതീഷ്കുമാര്‍ , മാങ്കാവ് പട്ടേല്‍താഴം ശശി എന്നിവരെയായിരുന്നു പിടികൂടിയത്. ഇതില്‍ ശശിയാണ് പ്രധാന ഏജന്റ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശശി ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാല്‍ ചോദ്യം ചെയ്യാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. ഇവരെ കേന്ദ്രീകരിച്ചാണിപ്പോള്‍ അന്വേഷണം നടക്കുന്നത്.
കോഴിക്കോട് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റുകേസുകളുടെ വിവരങ്ങള്‍ കൂടി പരിശോധിച്ച് അന്വേഷണം തുടരനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ട്. ഇത് കേരള ഭാഗ്യക്കുറിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംസ്ഥാന ഭാഗ്യക്കുറി എടുക്കുന്നവരെ വലയിലാക്കിയാണ് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നത്. ഇതോടെ സ്ഥിരമായി ഭാഗ്യക്കുറിയെടുക്കുന്നവര്‍ കൂടുതല്‍ പണം മോഹിച്ച് ഒറ്റനമ്പര്‍ ചൂതാട്ടത്തിലെ കണ്ണികളായി മാറിയിരിക്കുകയാണ്. ഇതുവഴി സംസ്ഥാന സര്‍ക്കാറിന് ഭീമമായ നഷ്ടമാണുണ്ടാവുന്നത്. ഒറ്റനമ്പര്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് പിടികൂടിയ ലോട്ടറി ഏജന്റ് രതീഷിന്റെ മൊഴിയിലും സംസ്ഥാന ഭാഗ്യക്കുറിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്.
ഒരു ദിവസം 150 സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റിരുന്നിടത്ത് ഒറ്റനമ്പര്‍ ചൂതാട്ടം തുടങ്ങിയതോടെ 50 ടിക്കറ്റുകളായി കുറഞ്ഞു. സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നവരില്‍ ഭൂരിഭാഗത്തേയും ഒറ്റനമ്പര്‍ ചൂതാട്ടത്തിലെ കണ്ണികളാക്കാനും സാധിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ചൂതാട്ടത്തിനായി ഒരു ടിക്കറ്റ് എടുക്കുമ്പോള്‍ ഒരു രൂപയാണ് കടയിലുള്ള ഏജന്റിന് പ്രധാന ഏജന്റ് നല്‍കുന്നത്. ഇപ്രകാരം ഒരു ദിവസം 1000 രൂപയോളം കടയിലുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്.
ഭാഗ്യക്കുറി സ്ഥിരമായി എടുക്കുന്നവരെ വലയിലാക്കി ഒറ്റനമ്പര്‍ ചൂതാട്ടത്തിനായുള്ള വാട്സ് ആപ്പില്‍ അംഗങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവര്‍ ഇഷ്ടമുള്ള മൂന്നക്കനമ്പര്‍ എഴുതി നല്‍കുകയാണ് ചെയ്യേണ്ടത്. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി വാട്സ് ആപ്പ് വഴി നല്‍കണം. നമ്പറിനു നേരെ എത്ര എണ്ണമാണ് വേണ്ടെതെന്നും എഴുതണം. ഇപ്രകാരം എഴുതി കടയിലുള്ള രതീഷ്കുമാറിന് വാട്സ് ആപ്പ് ചെയ്യും.
രതീഷ്കുമാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന വാട്സ് ആപ്പ് സന്ദേശം പ്രധാന ഏജന്റായ ശശിയ്ക്ക് കൈമാറുകയാണ് പതിവ്. സംസ്ഥാന ലോട്ടറിയുടെ സമ്മാനമടിച്ച ടിക്കറ്റില്‍ അവസാന മൂന്നക്ക നന്പര് ആരെങ്കിലും എഴുതി നല്കിയിട്ടുണ്ടെങ്കില് അവര്‍ക്ക് സമ്മാനം നല്‍കും. ഒരു നന്പര് എഴുതി നല്‍കുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്.
പലരും അഞ്ച് ടിക്കറ്റ് മുതല്‍ എടുക്കാറുണ്ട്. ഒരു ടിക്കറ്റിന് 5000 രൂപയാണ് ലഭിച്ചതെങ്കില്‍ അഞ്ച് ടിക്കറ്റെടുത്ത ആള്‍ക്ക് 25000 രൂപ ലഭിക്കും. 5000, 1000, 500, 250,100,50,30 എന്നീ നിരക്കില്‍ ചൂതാട്ടം നടത്താം. നന്പര് അടിച്ചാല്‍ അടുത്ത ദിവസം തന്നെ തുക ലഭിക്കുമെന്നതാണ് കൂടുതല്‍ പേരെ ചൂതാട്ടത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്.