ഒറ്റപ്പാലം: നിപ വൈറസുകൾ പരത്തുന്നത് വവ്വാലുകളാണെന്നു തിരിച്ചറിഞ്ഞതോടെ ഇവയെ തുരത്താനാകാതെ നാട്ടുകാർ ഭീതിയിലായി. എന്നാൽ എങ്ങനെ തുരത്തുമെന്നറിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. പകൽസമയത്ത് അപൂർവമായി കാണുന്ന ഇവയെ കിണറുകളിലും മറ്റും പഴുതില്ലാതെ വലവിരിച്ചും കിണറുകളിൽ പകൽസമയത്ത് നിരീക്ഷണം നടത്തി ഇല്ലെന്നു ഉറപ്പുവരുത്തുകയുമാണ് മിക്കവരും. കൃഷിയിടങ്ങളിലും പറന്പിലും ഇവയുടെ സാന്നിധ്യം കാണപ്പെടുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇരുൾ വ്യാപിച്ചുകഴിഞ്ഞാൽ ഇവയെ വ്യാപകമായി കാണാനാകും.
മണ്ണൂർ ഗ്രാമപഞ്ചായത്തിൽ വവ്വാലുകളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കൂട്ടത്തോടെ ഗ്രാമപഞ്ചായത്തിൽ എത്തി. വീട്ടുവളപ്പിലുള്ള ആയിരക്കണക്കിന് വവ്വാലുകളെ തുരത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നഗരിപ്പുറം, പേരടിക്കുന്ന് എന്നിവിടങ്ങളിലാണ് വവ്വാലുകൾ കൂട്ടത്തോടെ തന്പടിച്ചിരിക്കുന്നത്.
പടിക്കൽപാടം റോഡിൽ അന്പതോളം കുടുംബങ്ങൾ വർഷങ്ങളായി വവ്വാലുകളുടെ ശല്യം സഹിച്ചാണ് കഴിയുന്നത്.
പകൽസമയം പന, തെങ്ങ്, മറ്റു മരങ്ങളിൽ തൂങ്ങിക്കിടക്കുന്നതായി ഇവിടെ കാണാനാകും. വവ്വാലുകളെ പിടിക്കാനെത്തുന്ന പാന്പുകളും ഭീഷണിയാണെന്ന് വീട്ടുകാർ പറഞ്ഞു.
വവ്വാലുകൾ എപ്പോഴും കാഷ്ഠം വിസർജിക്കുന്നതിനാൽ വീട്ടുമുറ്റത്ത് നില്ക്കാനോ തുണികൾ ഉണക്കുന്നതിനോ കഴിയുന്നില്ല. കൂടുകളിൽനിന്നു കറുത്തനിറത്തിലുള്ള ചെള്ളുകളും താഴേയ്ക്കു വിഴാറുണ്ടത്രേ.
ഇവ ശരീരത്തിൽ പറ്റിപ്പിടിച്ചാൽ മണ്ണെണ്ണ പുരട്ടിയാണ് നീക്കം ചെയ്യാനാകുക. മാവിലും പ്ലാവിലും തന്പടിച്ചിരിക്കുന്നതിനാൽ വവ്വാൽ കടിക്കാത്ത മാങ്ങയോ ചക്കയോ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറഞ്ഞു. മറ്റു പഞ്ചായത്തുകളിലും വവ്വാൽ ശല്യം രൂക്ഷമാണ്.