ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ ആവർത്തിക്കുന്പോഴും നിർമാണപ്രവൃത്തികൾ അനന്തമായി നീളുന്നു. പണിതീരാത്ത ബസ് സ്റ്റാൻഡെന്ന അപഖ്യാതിയും ഈ സ്റ്റാൻഡിനു മാത്രം സ്വന്തം. കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാൻഡും പരിസരവും അലക്ഷ്യമായ ഡ്രൈവിംഗും അപകടങ്ങൾ പതിവാക്കുകയാണ്. യാത്രക്കാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലാണ്.
ഇതിനിടെ ഏതാനുംദിവസംമുന്പ് സ്റ്റാൻഡിൽ ചുനങ്ങാട് മേൽവീട് കളരിക്കൽ ശിവരാമൻ എന്നയാൾ ബസ് കയറി മരിച്ചിരുന്നു. ചക്രങ്ങൾ കാലിലൂടെ കയറി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു മരണം. അപകടങ്ങൾ സ്റ്റാൻഡിലെ സ്ഥിരം കാഴ്ചയാണ്. ബസുകൾക്ക് പാർക്ക് ചെയ്യാൻ കൃത്യമായ ട്രാക്കുകളൊന്നും ഒറ്റപ്പാലത്തില്ല.
കുണ്ടുംകുഴിയും നിറഞ്ഞ യാർഡിൽ ബസുകൾ കയറിയിറങ്ങുന്പോഴുണ്ടാകുന്ന പൊടിയും മറ്റും യാത്രക്കാർ സഹിക്കണം. 12 വർഷമായി നിർമാണത്തിലിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുടങ്ങിയ നിർമാണം ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. നിർമാണത്തിനായി കെയുആർഡിസി എഫ്സി വായ്പാതുക ഉടനേ അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും ലഭിച്ചിട്ടില്ല.
സ്റ്റാൻഡിലെ കുണ്ടുംകുഴിയും അടയ്ക്കാത്തതിന്റെ പേരിൽ ബസ് തൊഴിലാളികൾ സ്റ്റാൻഡ് ഫീ നല്കുന്നത് നിർത്തിവച്ചിരുന്നു.തുടർന്ന് അധികൃതർ നടത്തിയ ചർച്ചയെ തുടർന്ന് യാർഡിൽ ടാറിംഗ് നടത്താൻ ധാരണയായെങ്കിലും ഇതുവരെയും ടാറിംഗ് നടത്തിയിട്ടില്ല.
ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ് നിർമാണം അനന്തമായി നീളുന്പോഴും ഇതിന്റെ നിർമാണപ്രവൃത്തി എന്നു പൂർത്തിയാകുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പുനല്കാനാകുന്നില്ല.ടൗണ് പ്ലാനറുടെ നിർദേശമനുസരിച്ച് കടമുറികൾ സംബന്ധിച്ച് ലേലം ആംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് കെട്ടിടനിർമാണം പൂർത്തീകരിക്കാനുള്ള വായ്പാതുക അനുവദിക്കുന്നതാണെന്ന് ചെയർമാൻ നാരായണൻ നന്പൂതിരി പറയുന്പോഴും ഇതു ശരിയാകുന്ന കാര്യം കണ്ടറിയണം.