ഒറ്റപ്പാലം: ബസ് സ്റ്റാൻഡ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 17ന് കരാറുകാരൻ ലോകായുക്തയ്ക്കുമുന്നിൽ ഹാജരാകണം. ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ടാണ് കരാറുകാരൻ ഹാജരാകേണ്ടത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതു സംബന്ധിച്ച് വിശദീകരണം ആരായാനാണ് കരാറുകാരനോടു ഹാജരാകാൻ ലോകായുക്തയുടെ ഉത്തരവ്.
മുന്പ് ലോകായുക്തയിൽ നടന്ന വാദം കേൾക്കലിൽ എതിർകക്ഷികളായ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരള അർബൻ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി എന്നിവർക്കായി അഭിഭാഷകൻ ഹാജരായിരുന്നു. 2004-ൽ 5.63 കോടി രൂപ മാത്രം ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ കെട്ടിടനിർമാണം ഇപ്പോൾ 21 കോടി രൂപയിൽ എത്തിയിരിക്കുകയാണ്.
പദ്ധതി രൂപീകരിച്ച് പതിമൂന്നുവർഷമായിട്ടും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിർമാണത്തിനായി വായ്പയെടുത്ത കെയുഡിഎഫ്്സിക്ക് പ്രതിദിനം അയ്യായിരം രൂപയ്ക്കാണ് നഗരസഭ പലിശയിനത്തിൽ അടയ്ക്കുന്നത്. ബസ് സ്റ്റാൻഡിലെ സ്ഥലപരിമിതിമൂലം ജനങ്ങൾക്ക് ജീവഹാനി സംഭവിച്ച അവസരങ്ങളുമുണ്ടായി. നിലവിൽ കനത്തമഴയെ തുടർന്ന് ബസ് സ്റ്റാൻഡ് ചെളിക്കുളമാണ്.
സ്റ്റാൻഡിൽ ഒരു കവാടംവഴി മാത്രം ബസുകൾ പുറത്തിറക്കുമെന്ന പുതിയ ഉത്തരവു പ്രാബല്യത്തിൽ വന്നതോടെ സ്റ്റാൻഡിൽ തിരക്കു വർധിച്ചിരിക്കുകയാണ്. ഈ മാസത്തോടെ നിർമാണപ്രവൃത്തികൾ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.