ഒറ്റപ്പാലം: നിർദിഷ്ട ഒറ്റപ്പാലം ബൈപാസ് പദ്ധതി നടപ്പാക്കുന്നപക്ഷം 140 കുടുംബങ്ങൾക്ക് ഭൂമി നഷ്ടമാകും. ഒരു ഡസനിലേറെ കുടുംബങ്ങൾക്ക് വീടും നഷ്ടമാകും. ഇവരെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നാണ് സൂചന.
പാലക്കാട്-കുളപ്പുള്ളി പാതയിൽ തുടങ്ങി സെൻഗുപ്താ റോഡ് വഴി പാലാട്ട് റോഡ് വഴി ഈസ്റ്റ് ഒറ്റപ്പാലത്തെത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ സെൻഗുപ്താ റോഡ്, പാലാട്ട് റോഡ് വടക്കെ പാത എന്നിവിടങ്ങളിലെ 140 സ്വകാര്യവ്യക്തികളുടെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കണ്ടി വരിക.
ഭാഗികമായി 30 വീടുകളേയും ബൈപാസ് ബാധിക്കും. നഗരത്തിൽ തീയേറ്ററിന്റെ സ്ഥലത്തേയും സ്കൂളിന്റെ സ്ഥലവും പദ്ധതിക്കായി ഏറ്റെടുക്കണ്ടിവരും. ഇതിന് പുറമേ മറ്റ് 15 സ്ഥാപനങ്ങളെയും പദ്ധതി ദോഷകരമായി ബാധിക്കും.
സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി നൂറിന് പുറത്ത് കുടുംബങ്ങളെ നേരിൽകണ്ടാണ് പദ്ധതിയുടെ സർവേ നടപടികൾ പൂർത്തീകരിച്ചത്. പലരുടെയും വാസസ്ഥലത്തിനൊപ്പം ഉപജീവനമാർഗം കൂടി നഷ്ടപ്പെടുമെന്നാണ് സൂചന.
സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം നേരത്തെ അധികൃതർ വിളിച്ചുചേർത്തിരുന്നു. രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് യോഗത്തിലുണ്ടായത്.
വാണിയംകുളം-വരോട് മംഗലം റോഡ് വികസിപ്പിച്ച് ബൈപാസ് ആക്കണമെന്നും നഗരത്തിൽ മേല്പാലം നിർമിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളും ബദൽ മാർഗങ്ങളുമാണ് യോഗത്തിൽ ഉയർന്നത്.
റെയിൽവേ പാളത്തിന് സമാന്തരമായി ബൈപാസ് നിർമിക്കണമെന്നും ആവശ്യമുയർന്നിരുന്നു. തുടർന്ന് സ്ഥലമുടമകളുടെ പ്രതിഷേധം കൂടി ഉൾപ്പെടുത്തിയാണ് ആർബിഡിസി അധികൃതർ റിപ്പോർട്ട് സമർപ്പിച്ചത്.
കളക്ടറുടെ നിർദേശപ്രകാരം തുടർനടപടികൾ അനുവർത്തിക്കാനുമാണ് തീരുമാനിച്ചിരുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷനുവേണ്ടി തിരുവനന്തപുരം സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെന്റാണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തിയിരുന്നത്.
നഗരത്തിനുള്ളിൽ രൂക്ഷമായ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാൻ നിർദിഷ്ട ബൈപ്പാസ് പദ്ധതികൊണ്ട് മാത്രമേ കഴിയുകയുള്ളൂ.എന്നാൽ പലർക്കും വീടും ഉപജീവന മാർഗവും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഉയർന്നുവന്നിരിക്കുന്ന ജനകീയ ആവശ്യം.