ഒറ്റപ്പാലം: ഒറ്റപ്പാലം വൈദ്യുതസെക്ഷൻ വിഭജനം ഇനിയും നടപ്പായില്ല.ഒറ്റപ്പാലം നഗരസഭ, ലക്കിടി, അന്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഒറ്റപ്പാലം കെ എസ് ഇബി വൈദ്യുതി സെക്ഷൻ പരിധിയിലാണ് വരുന്നത്. വൈദ്യുതിപ്രശ്നങ്ങളും അറ്റകുറ്റപണികളുമായെന്നും പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ജീവനക്കാർ.കൃത്യസമയത്ത് സേവനം ലഭിക്കാതെ നാട്ടുകാർക്ക് കഷ്ടപ്പാട് വേറെയും.
എല്ലാം പരിഹരിക്കാനുള്ള ഒറ്റപ്പാലം സെക്ഷൻ വിഭജന നടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. ഏകദേശം 27,500 ഉപഭോക്താക്കളുള്ള സെക്ഷൻ പരിധിയിൽ ആണ് ഒറ്റപ്പാലം ഉള്ളത്, ഏകദേശം പതിനയ്യായിരം ഉപഭോക്താക്കളാണ് ഒരു സെക്ഷൻ പരിധിയിൽ കീഴിലുണ്ടാകുക. ഈ സ്ഥാനത്താണ് കാൽലക്ഷത്തിലേറെ ഉപഭോക്താക്കളുമായി ഒറ്റപ്പാലം സെക്ഷൻ പ്രവർത്തിക്കുന്നത്.
മഴയോ മറ്റു പ്രകൃതിദുരന്തങ്ങളോ ഉണ്ടാവുന്നപക്ഷം വൻവൈദ്യുതി പ്രശ്നങ്ങളാണ് ഈ സെക്ഷന് കീഴിൽ സംഭവിക്കാറുള്ളത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിവസങ്ങൾതന്നെ വേണ്ടിവരുന്ന സാഹചര്യവുമുണ്ട്. കാലവർഷം കടുത്താൽ പിന്നെ ലൈമാൻ മാർക്കും വൈദ്യുതി ജീവനക്കാർക്കും ഇരിക്കപ്പൊറുതിയില്ലാത്ത സാഹചര്യമാണുള്ളത്.
ഇലക്ട്രിക് പോസ്റ്റുകളുടെ മറിഞ്ഞുവീഴലും ലൈനുകൾ മുറിയുന്നതും നിത്യസംഭവങ്ങളാണ് വിസ്തരിച്ച് വ്യാപിച്ചുകിടക്കുന്ന ഈ സെക്ഷൻ പരിധിയിലെ പ്രശ്നങ്ങൾ അവർ പരിഹരിക്കുകയെന്നുള്ളത് ഏറെ ശ്രമകരമാണ്. ജീവനക്കാരുടെ കുറവും പ്രവർത്തനങ്ങളെ പുറകോട്ടടിക്കുന്നു. ഒറ്റപ്പാലം സെക്ഷൻ പരിധിയിൽ കേവലം 14 ലൈൻമാൻമാർ മാത്രമാണുള്ളത്. ഈ പ്രശ്നങ്ങളെല്ലാം രൂക്ഷമായതോടെയാണ് മൂന്നുവർഷംമുന്പ് സെക്ഷനെ വിഭജിക്കാൻ കഐസ്ഇബി ഉത്തരവിട്ടത്.
ലക്കിടിപാതയിൽ പുതിയ സെക്ഷൻ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ നടപടികളൊന്നും മുന്നോട്ടുപോകാതെ കിടക്കുകയാണ് ഒറ്റപ്പാലം സെക്ഷൻപദ്ധതി.ലക്കിടിയിൽ സെക്ഷന് പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ലഭ്യമായിട്ടുണ്ടങ്കിലും പദ്ധതി പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിന്ന് ആവശ്യമായ നടപടികൾ ഇനിയും നടപ്പിലാക്കിയിട്ടില്ല.
സെക്ഷൻ ഓഫീസിന്റെ അതിർത്തിപ്രദേശങ്ങളിലുള്ള ട്രാൻസ്ഫോർമറുകളെ തൊട്ടടുത്തുള്ള സെക്ഷനുകളിലേക്ക് നല്കി വൈദ്യുതിപ്രശ്നം പരിഹരിക്കാൻ നീക്കം ഒപ്പം നടക്കുന്നുണ്ട്. ഒറ്റപ്പാലം സെക്ഷൻ പരിധിയിൽ 215 ട്രാൻസ്ഫോമറുകളാണുള്ളത്. കുറച്ചെണ്ണം തൊട്ടടുത്തുള്ള സെഷൻ ഓഫീസുകൾക്ക് കൈമാറി അധികഭാരം കുറയ്ക്കാനാണ് ശ്രമം.വരാനിരിക്കുന്ന മഴക്കാലത്തെ വൈദ്യുതിപ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു പരിധിവരെ ഈ ശ്രമം സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം എത്രയുംവേഗം ഒറ്റപ്പാലം വൈദ്യുതി സെക്ഷൻ വിഭജനം പൂർത്തിയാക്കി നിലവിലുള്ള അധികഭാരം കുറയ്ക്കണമെന്ന് വ്യാപക ആവശ്യമുയർന്നിട്ടുണ്ട്.