ഒറ്റപ്പാലം: ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാലുമാസംമുന്പ് കത്തു നല്‍കിയിരുന്നു.എന്നാൽ ഈ കത്ത് നിരാകരിക്കപ്പെട്ട സ്ഥിതിയാണുള്ളതെന്ന് ദിവസങ്ങൾക്കുമുന്‍പ് കോടതിയിലെ ഓഫീസ് മുറിയിൽ മേൽക്കൂര തകർന്നുവീണ സാഹചര്യവുമുണ്ടായി.
മേൽക്കൂര പൊട്ടിവീണത് ജീവനക്കാരിയുടെ ഇരിപ്പിടത്തിലേക്ക് ആയിരുന്നു. ഭാഗ്യംകൊണ്ടാണ് ഇവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കെട്ടിടത്തിലെ സീലിംഗ് ആണ് തകർന്നുവീണത് ജീവനക്കാരി എഴുന്നേറ്റ് മാറിയതിനാൽ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാലപ്പഴക്കം ബാധിച്ച് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഫൈബർ നിർമിത സീലിംഗ് ആണ് നിലംപതിച്ചത്.
കെട്ടിടത്തിന് കാര്യമായ തകരാർ ഉള്ളത് പിഡബ്ല്യുഡി വിഭാഗത്തെ രേഖാമൂലം അറിയിച്ചിരുന്നതാണ്. എന്നാൽ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഉണ്ടായില്ല. തുടർന്ന് രണ്ടാമതും പിഡബ്ല്യുഡി അധികൃതരെ കോടതി ഓർമപ്പെടുത്തൽ നോട്ടീസ് നല്കി ശ്രദ്ധക്ഷണിച്ചു എന്നാൽ ഇതിനും നടപടിയുണ്ടായില്ല.
വർഷകാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയാണ് കോടതിക്കുള്ളത്. ചിതലരിച്ച മരഉരുപ്പടികളും വിണ്ടുകീറിയ ചുമരുകളും ഒറ്റനോട്ടത്തിൽ തന്നെ കോടതി കെട്ടിടത്തിന്റെ പഴക്കം വിളിച്ചോതും. ഈ കെട്ടിടം വരുന്ന കാലവർഷത്തെ അതിജീവിക്കില്ല. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ നടന്നിട്ടില്ല.
കെട്ടിടത്തിന് പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് കഴിഞ്ഞ നവംബർ ഏഴിന് മജിസ്ട്രേറ്റ് പിഡബ്ല്യുഡി വിഭാഗത്തിന് നല്കിയ കത്തിൽ പെയിൻറിംഗ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും നിരത്തിയിരുന്നു. ഒറ്റപ്പാലത്ത് പുതിയ കോടതി സമുച്ചയം പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെങ്കിലും സാങ്കേതിക കുരുക്കുകൾ ഏറെയുള്ളതിനാൽ ഇതുവരെ ഇത് നടപ്പായിട്ടില്ല.
ഒറ്റപ്പാലത്ത് നീതിപീഠങ്ങൾക്കുപോലും പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടമോ ഭൗതിക സാഹചര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ്. പിഡബ്ല്യുഡി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം അഭിഭാഷകരുടെ ഭാഗത്തുനിന്നും ബാർ അസോസിയേഷൻ അധികൃതരുടെ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്.