ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിൽ സിപിഎം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിനു നീക്കം. യുഡിഎഫും സിപിഎം വിമതന്മാരുമാണ് നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി നേതൃത്വം നല്കുന്ന ഭരണസമിതിക്കെതിരെയാണ് അവിശ്വാസപ്രമേയത്തിന് കരുക്കൾ നീക്കുന്നത്.
ഈമാസം ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. മോഷണക്കേസിൽ പ്രതിയായതിനെ തുടർന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ബി.സുജാതയെ തത്സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ മേല്പറഞ്ഞവർ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
അവിശ്വാസം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ് അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നതിനുമുന്പ് തന്നെ സുജാത രാജിവയ്ക്കുകയാണുണ്ടായത്. ഇതിന്റെ ചുവടുപിടിച്ചാണ് നഗരസഭ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്നിവർക്കെതിരെ നോട്ടീസ് നല്കാൻ പ്രതിപക്ഷം തീരുമാനിച്ചതെന്നാണ് സൂചന.
സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിക്ക് 15 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. 36 അംഗഭരണസമിതിയിൽ 21 പേർ പ്രതിപക്ഷത്താണ്. നഗരസഭയിൽ രണ്ടാമത്തെ വലിയ പാർട്ടി ബിജെപിയാണ്. ഏഴംഗങ്ങൾ ഇവർക്കുണ്ട്. കോണ്‍ഗ്രസിന് അഞ്ചും മുസ്ലിംലീഗിന് മൂന്നും സിപിഎം വിമതന്മാർക്ക് അഞ്ചും അംഗങ്ങളുണ്ട്.
ഒരു സ്വതന്ത്രനും നഗരസഭയിൽ ജയിച്ചു വന്നിട്ടുണ്ട്. ബിജെപി ഒഴികെ പ്രതിപക്ഷത്ത് 14 അംഗങ്ങളാണുള്ളത്. ഇവിടെയും ബിജെപിയുടെ നിലപാട് നിർണായകമാകും. ബിജെപി കൂടി അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്താൽ മാത്രമേ അവിശ്വാസപ്രമേയം വിജയിക്കുകയുള്ളൂ.
എന്നാൽ മുൻകാലങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് ബിജെപി അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ തുടർന്ന് ആരു ഭരണം നടത്തുമെന്ന കാര്യത്തിൽ പ്രതിപക്ഷത്ത് ഐക്യമില്ല.