ഒറ്റപ്പാലം: നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേ അണിയറ നീക്കങ്ങൾ സജീവം. പ്രതിപക്ഷത്തിന് 21 പേരും ഭരണപക്ഷത്ത് 15 പേരും എന്നതാണ് ഒറ്റപ്പാലം നഗരസഭയിലെ നിലവിലുള്ള സ്ഥിതി.
യുഡിഎഫും സിപിഎം വിമതൻമാരും ചേർന്നാണ് സിപിഎം ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയിട്ടുള്ളത്. സെപ്തംബർ മൂന്നിന് രാവിലെ ഒന്പതിന് നഗരസഭ ചെയർമാനെതിരായ അവിശ്വാസം ചർച്ചയ്ക്കെടുക്കും.
അതേസമയം നഗരസഭയിൽ ഏഴംഗങ്ങളുള്ള ബിജെപിയുടെ നിലപാടാണ് ഇതിൽ നിർണായകമാകുക. യുഡിഎഫ് നല്കിയ അവിശ്വാസ നോട്ടീസിൽ ബിജെപി ഒപ്പിട്ടില്ല. അതേസമയം അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്പോൾ ബിജെപി എന്തു നിലപാടാണ് സ്വീകരിക്കുകയെന്നുള്ളതാണ് പ്രധാനം. പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.
അവിശ്വാസവിഷയത്തിൽ പാർട്ടി തീരുമാനം ജില്ലാഘടകം തീരുമാനിക്കുമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. അവിശ്വാസം വിജയിക്കണമെങ്കിൽ 19 അംഗങ്ങളുടെ പിന്തുണ വേണം. നിലവിൽ ബിജെപി ഒഴികെയുള്ള പ്രതിപക്ഷത്ത് 14 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
അവിശ്വാസം പരാജയപ്പെടുത്താനും ഭരണത്തിൽ തുടരാനും സിപിഎം അണിയറ നീക്കം സജീവമാണ്.
ചില സ്വതന്ത്രന്മാരെ കൂടെ കൂട്ടാനാണ് ഇവർ ശ്രമിക്കുന്നത്. അതേസമയം എന്തുവിലകൊടുത്തും സിപിഎം ഭരണസമിതിയെ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.