ഒറ്റപ്പാലം: നഗരസഭ നിർമിക്കാൻ ഉദ്ദേശിക്കുന്ന എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ റെഡ് സിഗ്നൽ. നഗരസഭയുടെ ആവശ്യം നിരാകരിച്ചതോടെ സ്വന്തം സ്ഥലത്ത് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനവുമായി ഒറ്റപ്പാലം നഗരസഭ മുന്നോട്ട്. കണ്ണിയംന്പുറത്തും തോട്ടക്കരയിലുമാണ് എയറോബിക് കന്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കാൻ ഒറ്റപ്പാലം നഗരസഭ പൊതുമരാമത്ത് വകുപ്പ്നോട് സ്ഥലം ആവശ്യപ്പെട്ടത്.
എന്നാൽ റോഡരികുകളിൽ സ്ഥലം അനുവദിക്കാൻ സാധിക്കില്ലെന്നും അപകടങ്ങൾ ഉണ്ടാകാൻ ഇതുമൂലം സാധ്യതയുണ്ടെന്നും ഭാവിയിൽ റോഡ് വികസനം ഉണ്ടാവുന്ന ഘട്ടത്തിൽ യൂണിറ്റുകൾ പൊളിച്ചുമാറ്റാൻ സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് ഒറ്റപ്പാലം നഗരസഭയുടെ ആവശ്യം നിരാകരിച്ചത്.
എന്നാൽ പൊതുമരാമത്ത് വകുപ്പ് സ്ഥലം അനുവദിച്ചില്ലെങ്കിൽ നഗരസഭയുടെ സ്ഥലത്ത് എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണം നടത്തുമെന്ന് ഒറ്റപ്പാലം നഗരസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൈവമാലിന്യ സംസ്കരണത്തിനുള്ള എയറോബിക് കന്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് അനുമതി നിഷേധിച്ച പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനത്തിനെതിരെ നഗരസഭ കനത്ത പ്രതിഷേധത്തിലാണ്. യൂണിറ്റുകൾ സ്ഥാപിക്കാൻ നഗരസഭ രേഖാമൂലം പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ സമീപിച്ചിരുന്നെങ്കിലും ഇത് പൂർണമായും തള്ളുകയായിരുന്നു.
നഗരസഭയിൽ ഏറ്റവുമധികം മാലിന്യപ്രശ്നം നേരിടുന്ന സ്ഥലങ്ങളാണ് കണ്ണിയംപുറവും കോട്ടക്കടവ് തോട്ടക്കരയും. രണ്ടിടത്തും മാലിന്യങ്ങൾ തള്ളുന്നത് കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ തകൃതിയായി മാലിന്യനിക്ഷേപം നടക്കുന്നുണ്ട്. നഗരസഭാ പരിധിക്കുള്ളിൽ ആകെ അഞ്ച് യൂണിറ്റാണ് പദ്ധതിയിലുള്ളത്. ഒരുവർഷം മുന്പ് കയറന്പാറയിൽ പ്രവർത്തനം തുടങ്ങിയ എയറോബിക് യൂണിറ്റിന് പുറമേ മാർക്കറ്റ് കോംപ്ലക്സ്, ബസ് സ്റ്റാൻഡ് പരിസരം, എന്നിവിടങ്ങളിലെ യൂണിറ്റുകളുടെ നിർമാണവും പൂർത്തിയായി കഴിഞ്ഞു.
ഈ മൂന്ന് കന്പോസ്റ്റ് യൂണിറ്റുകളും ഉള്ളത് നഗരസഭയുടെ തന്നെ റോഡരികിലും സ്ഥലങ്ങളിലുമാണ്. പദ്ധതിയിൽ മറ്റ് രണ്ടിടങ്ങളിൽ യൂണിറ്റ് തുടങ്ങാൻ സ്ഥലമില്ല. ഈ സാഹചര്യം മുൻനിർത്തിയാണ് നഗരസഭ പൊതുമരാമത്ത് വകുപ്പിനോട് പദ്ധതിക്കാവശ്യമായ സ്ഥലം ആവശ്യപ്പെട്ടത്. 16 ലക്ഷം ചെലവിലാണ് യൂണിറ്റ് നിർമിക്കുന്നത്. മുണ്ടൂർ ഐആർടിസി യുടെ നേതൃത്വത്തിലാണ് എയറോബിക് കന്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കപ്പെടുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വ്യാപാരസ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ സാഹചര്യമൊരുങ്ങും. ഇപ്പോഴത്തെ അവസ്ഥയിൽ വ്യാപാരസ്ഥാപനങ്ങളുടെ ജൈവമാലിന്യങ്ങൾ ഒന്നും തന്നെ നഗരസഭ സ്വീകരിക്കുന്നില്ല. അജൈവ മാലിന്യങ്ങൾ മാത്രമാണ് ഇപ്പോൾ നഗരസഭ ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണമെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ ചെറിയ വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനെല്ലാം പരിഹാരമാകുന്ന തരത്തിലാണ് വിവിധ ഭാഗങ്ങളിൽ എയറോബിക് കന്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്.