ഒറ്റപ്പാലം: ടെലിഫോണില്ല, എൻക്വയറി കൗണ്ടറില്ല, റിസപ്ഷനുമില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ വിശേഷം ബഹുകേമം. വിവരങ്ങളറിയാൻ ഇവിടെയെത്തിയാൽ വട്ടം തിരിയും.
ആരോടു ചോദിക്കണമെന്നോ, പറയണമെന്നോ അറിയാത്ത അവസ്ഥ. യാത്രക്കാരുടെ കാര്യം ഇവിടെയെത്തിയാൽ കഷ്ടമാണ്. റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളായി ടെലിഫോണ്‍ സംവിധാനമില്ല.
തീവണ്ടി വിവരങ്ങളറിയാനും മറ്റുകാര്യങ്ങൾക്കും ഒരു സൗകര്യവുമില്ല. ചെറിയ കാര്യങ്ങൾ പോലും അറിയണമെങ്കിൽ നേരിട്ടുവരേണ്ട സ്ഥിതിയാണ് യാത്രികർക്ക്.
ചുരുക്കിപ്പറഞ്ഞാൽ ഇവിടെയെത്തുന്ന യാത്രക്കാർ നട്ടം തിരിയുന്ന അവസ്ഥ. ട്രെയിൻ സംബന്ധമായതോ, റിസർവേഷൻ സംശയങ്ങളോ തീർക്കണമെങ്കിൽ ഇവിടെയുള്ള റിസർവേഷൻ വരിയിൽ ഇടം പിടിക്കേണ്ട അവസ്ഥയാണ് യാത്രികർക്കുള്ളത്.
ടിക്കറ്റ് എടുക്കുന്നതിനുവേണ്ടിയും മറ്റും യാത്രക്കാർ നിൽക്കുന്നതുപോലെ അന്വേഷണങ്ങൾക്കും വരി നിൽക്കേണ്ട ഗതികേടാണ് യാത്രക്കാർ അനുഭവിക്കുന്നത്.
ഇതിനുസമയമേറെ വേണം താനും. റിസർവേഷൻ കൗണ്ടറിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് ഉയർന്നുവരുന്ന പരാതി.
വർഷങ്ങളായി പ്രവർത്തനരഹിതമായ ടെലിഫോണ്‍ കേടുപാടുകൾ തീർക്കാൻ ഇതുവരേയ്ക്കും അധികൃതർ തയാറായിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി റെയിൽവേ സ്റ്റേഷൻ നന്പറിൽ വിളിക്കുന്ന ആളുകൾക്കു നിരാശയാണ് ഫലം.